- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിമാരുടെ ഹർജികൾ ഡിസംബർ 15 ലേക്ക് മാറ്റി; ഗവർണർ വിസിമാരുടെ ഹിയറിങ് നടത്തുകയാണെന്ന് ഹൈക്കോടതിയിൽ അറിയിച്ച് ഇരുകക്ഷികളും; ഹിയറിംഗിന് വിളിച്ച ഒൻപതുപേരിൽ നാലുപേർ നേരിട്ട് രാജ്ഭവനിൽ ഹാജരായി; എത്താതിരുന്നത് കണ്ണൂർ, എംജി സർവകലാശാല വിസിമാർ
കൊച്ചി : സർവകലാശാല വി സിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് വി സിമാർ നൽകിയ ഹർജികൾ ഡിസംബർ 15ന് പരിഗണിക്കാൻ മാറ്റി. വിസി മാരുടെ ഹിയറിങ് നടക്കുകയാണെന്ന് ഇരുവിഭാഗവും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി വച്ചത്.
പത്തു സർവകലാശാല വി സിമാരാണ് ഹർജി നൽകിയിട്ടുള്ളത്. ഇതിൽ കേരള സർവകലാശാല വി സിയുടെ കാലാവധി അവസാനിച്ചു. ഫിഷറീസ് സർവകലാശാല വി സി ഡോ. റിജി ജോണിന്റെ നിയമനം മറ്റൊരു ഹർജിയിൽ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ശേഷിച്ച വി സിമാർക്ക് ഹർജിയിൽ തീർപ്പുണ്ടാകും വരെ പദവിയിൽ തുടരാമെന്ന് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവുമുണ്ട്. സാങ്കേതിക സർവകലാശാല വി സിയുടെ നിയമന നടപടികൾ യു ജി സിയുടെ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സമാന സാഹചര്യത്തിൽ നിയമനം ലഭിച്ച വി സി മാർക്ക് ഗവർണർ നോട്ടീസ് നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.
രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസർമാരുടെ ഹിയറിങ് നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നോട്ടീസ് നൽകിയ ഒൻപതുപേരിൽ നാലുപേർ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂർ, എംജി സർവകലാശാലാ വിസിമാർ എത്തിയില്ല. കേരള മുൻ വി സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സർവ്വകലാശാല വി സി സജി ഗോപിനാഥ്, ഓപ്പൺ സർവകലാശാലാ വി സി മുബാറക് പാഷ, കുസാറ്റ് വി സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്.
എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദർശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. അടുത്തമാസം മൂന്നിന് എംജി വിസിക്കായി പ്രത്യേക ഹിയറിങ് നടത്തും. മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോർട്ട് രാജ്ഭവൻ ഹൈക്കോടതിക്ക് കൈമാറും. കോടതി വിധിക്ക് ശേഷം മതി തുടർ നടപടിയെന്നാണ് ഗവർണറുടെ തീരുമാനം.