- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികൾക്ക് രാത്രി 9.30 ശേഷം ഹോസ്റ്റലിൽ നിന്ന് ക്യാമ്പസിനുള്ളിൽ പോകാൻ വാർഡന്റെ അനുമതി; മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണം; കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി
കൊച്ചി: മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹർജിക്കാർ പുതിയ ചിന്താഗതിക്കു പ്രേരണയായെന്ന അഭിനന്ദന വാക്കുകളോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി തീർപ്പാക്കിയത്. പെൺകുട്ടികൾക്കു രാത്രി 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്റെ അനുമതി മതിയാകും. അതേ സമയം മറ്റാവശ്യങ്ങൾക്ക് 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണമെന്നും കോടതി വിധിച്ചു.
ഹോസ്റ്റൽ വിദ്യാർത്ഥികളുടെ പുറത്തു പോകാനുള്ള അവകാശത്തിൽ സർക്കാർ നിലപാടു രേഖപ്പെടുത്തിയാണ് ഹർജി കോടതി തീർപ്പാക്കിയിരിക്കുന്നത്. ഇന്നു രാവിലെ ഹർജി പരിഗണിക്കുമ്പോൾ ഹോസ്റ്റലുകൾ ജയിലുകളല്ലെന്നു കോടതി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ അവകാശം പൗരന്മാർക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന. പെൺകുട്ടികൾക്കു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു പക്ഷെ ആൺകുട്ടികളെക്കാൾ അത്തരം അവകാശം കൂടുതലായി പെൺകുട്ടികൾക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങൾ പെൺകുട്ടികളുടെ മേൽ ചുമത്താനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.