തിരുവനന്തപുരം: തമ്പാനൂർ ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് തകർന്ന് 6 പേർ കൊല്ലപ്പെട്ട നരഹത്യാ കേസിൽ വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നടക്കും. കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് അയച്ചു. കെട്ടിട ഉടമയും, സൂപ്പർവൈസറും, ആർക്കിടെക്റ്റും തിരുവനന്തപുരം കോർപ്പറേഷൻ ടൗൺ പ്ലാനിങ് ഓഫീസറും എൻജിനീയർമാരുമടക്കം അടക്കം 8 പ്രതികൾ ഉൾപ്പെട്ട കേസാണ് വിചാരണക്കായി അയച്ചത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രന്റേതാണുത്തരവ്.

കെട്ടിട ഉടമക്കും നടത്തിപ്പുകാരനുമെതിരെ മാത്രമാണ് തമ്പാനൂർ പൊലീസ് എഫ് ഐ ആർ എടുത്തത്. ഇത് ചോദ്യം ചെയ്ത് കോർപ്പറേഷൻ ഉദ്യോഗസ്ഥരെക്കൂടി പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര: പി. നാഗരാജ് സമർപ്പിച്ച കേസന്വേഷണ നിരീക്ഷണ പൊതുതാൽപര്യ ഹർജിയിയിൽ കോടതി ഉത്തരവ് പ്രകാരമാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തത്. സംഭവം നടന്ന 2010 കാലയളവിൽ അന്നത്തെ മജിസ്ട്രേട്ടും നിലവിൽ ജില്ലാ ജഡ്ജിയുമായ ഫിലിപ്പ് തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി. രഘു കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കൂടി പ്രതി ചേർത്തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് കെ. ഹരികൃഷ്ണനാണ് 2021 ൽ കുറ്റപത്രം സമർപ്പിച്ചത്.

ഉടുപ്പി ശ്രീനിവാസ് ലോഡ്ജുടമകളായ വലിയശാല ചിത്രാ നഗർ ശ്രീനിലയത്തിൽ ശ്രീപതി ഉപാദ്ധ്യായയുടെ ഭാര്യ ജലജാക്ഷി അമ്മാൾ , ശ്രീപതി ഉപാദ്ധ്യായ മകൻ വെങ്കിടേഷ് , ഇന്റേണൽ ആൾട്ട റേഷൻ വർക്ക് ഏറ്റെടുത്ത നാഗർകോവിൽ ഐഡിയൽ എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനി ഉടമ വട്ടക്കരൈ സ്വദേശി സിറിൾ ക്രിസ്തുരാജ് , കമ്പനിയിലെ കെട്ടിടപ്പണിയുടെ സൂപ്പർവൈസറും നടത്തിപ്പുകാരുമായ നാഗർകോവിൽ സ്വദേശി ജെറോം , ജസ്റ്റിൻ ദേവസഹായം എന്ന ജസ്റ്റിൻ , തിരുവനന്തപുരം കോർപ്പറേഷൻ അസി. എൻജിനീയർ ഗിരിശങ്കർ , അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ഗോപാലകൃഷ്ണൻ നായർ , ടൗൺ പ്ലാനിങ് ഓഫീസർ ആനന്ദ രാജു എന്നിവരാണ് നരഹത്യാ കേസിലെ 1 മുതൽ 8 വരെയുള്ള പ്രതികൾ.

ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത് : 50 വർഷത്തോളം പഴക്കമുള്ളതും പ്രത്യേകം പ്രത്യേകം മുറികളാക്കി ലോഡ്ജായി തമ്പാനൂർ ശ്രീകുമാർ ശ്രീവിശാഖ് തീയറ്ററിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ടൂറിസ്റ്റ് ഹോമിന്റെ താഴത്തെ നില ഉൾപ്പെടെ 4 നിലകളുള്ള കെട്ടിടത്തിന്റെ മുറികളുടെ ഇട ചുവരുകൾ പണിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ മതിയായ സുരക്ഷ ഉറപ്പുവരുത്താതെയും കെട്ടിടത്തിന്റെ ബലം ഉറപ്പുവരുത്താതെയും ജാക്ക് ഹാമറും മറ്റും ഉപയോഗിച്ച് ഇടിച്ചു മാറ്റിയും നിലവിലുണ്ടായിരുന്ന സ്റ്റെയർകേസുകൾക്ക് സ്ഥാനമാറ്റം വരുത്തിയും 1999ലെ കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് റൂളിന് വിരുദ്ധമായി ഹാൾ ആക്കി രൂപാന്തരപ്പെടുത്തി.

ഇന്റേണൽ ആൾട്ടറേഷൻ നടത്തിയാൽ കെട്ടിടം തകർന്ന് വീണ് പണിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പരിക്കും മരണം വരെ സംഭവിക്കാമെന്ന് അറിവുള്ള ഒന്നും രണ്ടും പ്രതികളും കെട്ടിടത്തിന്റെ ഇന്റേണൽ ആൾട്ടറഷൻ വർക്ക് ഏറ്റെടുത്ത മൂന്നാം പ്രതിയും കമ്പനിയിലെ സൈറ്റ് സൂപ്പർവൈസർമാരായ നാലും അഞ്ചും പ്രതികളും കെട്ടിടത്തിന്റെ പണിക്കിടയിൽ പല പ്രാവശ്യം വർക്ക് സൈറ്റ് സന്ദർശിച്ചിട്ടും സ്റ്റോപ്പ് മെമോ നൽകാതെയും പ്രവർത്തികൾക്ക് ഒത്താശ ചെയ്യുകയും മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കാതിരുന്ന ആറും ഏഴും പ്രതികളും കെട്ടിടത്തിന്റെ പഴക്കം കണക്കിലെടുക്കാതെയും കെട്ടിടത്തിന്റെ റിനോവേഷൻ പ്ലാൻ ശരിയായി ഒത്തു നോക്കി പരിശോധിക്കാതെയും കെട്ടിടം ഹൈ റൈസ്ഡ് ബിൽഡിങ് ആണെന്ന് പരിഗണിക്കാതെയും പ്ലാൻ അപ്രൂവ് ചെയ്തുകൊടുക്കുകയും കെ എം ബി ആർ ചട്ടം100 പ്രകാരം പെർമിറ്റ് കൊടുക്കേണ്ട സ്ഥാനത്ത് കൺസ്ട്രക്ഷൻ വർക്കിനുള്ള അനുവാദം അറിയിച്ച് അപ്രൂവൽ നൽകിയ എട്ടാം പ്രതിയുടെയും പ്രവർത്തി മൂലം കെട്ടിടം മുഴുവനായി തകർന്ന് വീണ് 6 തൊഴിലാളികൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റ മരണം സംഭവിക്കാൻ ഇടയാക്കിയും 5 പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നതിനും ഇടയാക്കി 8 പ്രതികൾ ശിക്ഷാർഹമായ കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്.

സംഭവം 2010 ഫെബ്രുവരി 1 നാണ് നടന്നത്. മൂന്നാം തീയതിയോടെ ആറ് പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. 5 മൃതദേഹങ്ങൾ ഫെബ്രുവരി 2 നാണ് കണ്ടെടുത്തത്. 26 മണിക്കൂർ നീണ്ട തിരച്ചിൽ പ്രവർത്തനങ്ങൾ വൈകിട്ട് 5 മണിയോടെ താൽക്കാലികമായി നിർത്തിവച്ചു. അവശിഷ്ടങ്ങൾക്കുള്ളിൽ ഇനിയാരും ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. എന്നാൽ ബുധനാഴ്ച ഒരു അവസാനവട്ട തിരച്ചിൽ കൂടി നടത്താൻ തീരുമാനിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് പേരെ രക്ഷിക്കാനായി. നാല് മലയാളികളും ആസാം, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചത്. നെയ്യാറ്റിൻകര സ്വദേശികളായ തോമസ്(ബേബി), രാജേന്ദ്രൻ, മണിയൻ, കന്യാകുമാരി സ്വദേശി രവി, ധനുവച്ചപുരം സ്വദേശി ജോൺസൺ, അസം സ്വദേശി സുമന്ത്ദാസ് എന്നിവരാണ് മരിച്ചത്.

ലോഡ്ജ് ഉടമയ്ക്കും നടത്തിപ്പുകാരനും എതിരെ മാത്രമാണ് തമ്പാനൂർ പൊലീസ് ആദ്യം കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ടി.കെ.ജോസ് ഐഎഎസിനെ മന്ത്രിസഭയും നിയോഗിച്ചു. ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി ടൂറിസ്റ്റ് ഹോമിന്റെ ഒരു ഭാഗം തകർന്ന് വീണത്. സ്ഥലത്തുണ്ടായിരുന്ന ഏതാനും പേർക്ക് രക്ഷപ്പെടാനായെങ്കിലും ബാക്കിയുള്ളവർ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു.