- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർ സോൺ വിധിയിലെ ചില നിർദ്ദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന് സൂചന; തലമുറകളായുള്ള വാസസ്ഥലങ്ങൾ, ബഫർ സോണിലാണെന്ന് ഹരജിക്കാർ; വിധിക്ക് ശേഷമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതിയെ ധരിപ്പിച്ച് വാദം; ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ട് സുപ്രീം കോടതി
ന്യൂഡൽഹി: ബഫർ സോൺ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം. ചീഫ് ജസ്റ്റിസ് ആയിരിക്കും മൂന്നംഗ ബെഞ്ചിനെ നിശ്ചയിക്കുന്നത്. ഇന്നു ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്ന് വ്യക്തമാക്കി. ജൂൺ മൂന്നിലെ വിധിയിൽ വ്യക്ത തേടി കേന്ദ്രം, കേരളം, കർണാടകം, കർഷകസംഘടനകൾ തുടങ്ങിയവർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർജികൾ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
ബഫർ സോൺ വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. വിധിയിൽ ഭേദഗതി വേണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. വ്യക്തത വേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാരും നിലപാടെടുത്തു. ബഫർ സോൺ മേഖലകൾ ജനങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന്, അമിക്കസ് ക്യൂറി കെ പരമേശ്വര കോടതിയെ അറിയിച്ചു. തുടർന്നാണ് മൂന്നംഗ ബെഞ്ചിനു വിടാമെന്നു കോടതി പറഞ്ഞത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നൽകിയ പുനപ്പരിശോധനാ ഹർജി ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു. ഭേദഗതി വരുത്തിയാൽ പിന്നെ പുനപ്പരിശോധനയുടെ ആവശ്യമില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. വിശദമായ വാദം കേട്ടശേഷമാണ് ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടത്.
വിധിക്ക് മുൻപുതന്നെ കരട് വിജ്ഞാപനം പലയിടത്തും വന്നുവെന്നും എന്നാലിക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വിധികൊണ്ട് ഉദ്ദേശിച്ച നല്ല വശമല്ല നിലവിൽ നടക്കുന്നതെന്നും അമിക്കസ് ക്യൂറി കോടതിയോട് പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനത്തിനായി ജനങ്ങളിൽ നിന്നടക്കം അഭിപ്രായങ്ങൾ തേടിയിരുന്നെന്നും ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന്നും കേന്ദ്രവും വ്യക്തമാക്കി.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കി കഴിഞ്ഞവർഷം ജൂണിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഈ വിധിയിൽ വ്യക്തത വേണമെന്നും പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. ബഫർ സോൺ ദൂപരിധിയിൽ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയിൽ അപേക്ഷ നൽകി. ഈ ഹർജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ദൂരപരിധിയിൽ ഇളവ് നൽകുന്നതും പരിഗണിക്കാമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.
23 സംരക്ഷിത മേഖലകൾക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല (ബഫർ സോൺ) എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ