ന്യൂഡൽഹി: സിറോ-മലബാർ സഭ ഭൂമിയിടപാട് കേസിൽ പരാതിക്കാരന് എതിരെ ആരോപണവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭിഭാഷകൻ. സുപ്രീം കോടതിയിൽ വാദത്തിനിടെയാണ് ആലഞ്ചേരിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ഫോറം ഷോപ്പിങ് എന്ന ആരോപണം ഉന്നയിച്ചത്.

ഭൂമിയിടപാട് സംബന്ധിച്ച് മരട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതിക്കാരൻ ആദ്യം കേസ് ഫയൽ ചെയ്തത്. ആ കോടതി കേസ് തള്ളിയത് മറച്ചുവച്ചാണ് പരാതിക്കാരൻ കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആറ് പുതിയ കേസുകൾ ഫയൽചെയ്തതെന്ന് സിദ്ധാർഥ് ലൂതറ കോടതിയിൽ ആരോപിച്ചു. അനുകൂല കോടതിയെ സമീപിച്ച് വിധി നേടിയെടുക്കാൻ ആയിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്നാണ് ആരോപണം.

അതേസമയം, റോമൻ കത്തോലിക്കാ പള്ളികളുടെ ഭൂമിയുടെ ക്രയവിക്രയം നടത്താൻ അധികാരം ബിഷപ്പുമാർക്കാണെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീം കോടതിയിൽ വാദിച്ചു. കാനോൻ നിയമ പ്രകാരം ബിഷപ്പുമാർക്കുള്ള ഈ അധികാരം കേരള ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ല. സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ കേസിൽ പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന നിലപാട് തെറ്റാണെന്നും രൂപതകൾ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായിവരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വിധിച്ചത് തങ്ങളുടെ വാദം കേൾക്കാതെയാണെന്ന് രൂപതകൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. തീർപ്പാക്കി വിധിപറഞ്ഞ കേസിൽ ഹൈക്കോടതി തുടർ ഉത്തരവുകൾ പുറപ്പെടുവിക്കുകയാണെന്ന് രൂപതകൾക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു സിങ്, അഭിഭാഷകൻ റോമി ചാക്കോ, വി എസ് റോബിൻ എന്നിവർ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദംകേൾക്കുന്നത്. കേസിൽ ബുധനാഴ്ചയും കോടതിയിൽ വാദം തുടരും.