കൊച്ചി: പെരിന്തൽമണ്ണ നിയമസഭമണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് അടങ്ങുന്ന ബാലറ്റ്‌പെട്ടി ട്രഷറിയിൽ നിന്ന് കാണാതായ സംഭവം അതിഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. പെട്ടി അപ്രത്യക്ഷമാകാനിടയായ സാഹചര്യം വിശദീകരിച്ച് സബ് കലക്ടർ നൽകിയ റിപ്പോർട്ട് കക്ഷികൾക്ക് നൽകാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ തെരഞ്ഞെടുപ്പ് കമീഷനെയും സബ് കലക്ടറെയും കേസിൽ സ്വമേധയാ കക്ഷിചേർത്തു.

പെരിന്തൽമണ്ണയിൽനിന്ന് മുസ്ലിം ലീഗിലെ നജീബ് കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ഇടത് സ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഇടത് സ്ഥാനാർത്ഥി നൽകിയ ഹരജി തള്ളണമെന്നാവശ്യപ്പെട്ട് നജീബ് നൽകിയ തടസ്സഹർജി നേരത്തേ കോടതി തള്ളിയിരുന്നു.

തുടർന്ന് തെരഞ്ഞെടുപ്പ് ഹർജിയിൽ വിശദമായ വാദത്തിനായി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്‌ട്രോങ് റൂമിൽനിന്ന് ബാലറ്റ്‌പെട്ടി കാണാതായത്. കാണാതായ പെട്ടി മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ ജോയന്റ് രജിസ്ട്രാർ ഓഫിസിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ട് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതിരുന്നതിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് വിലയിരുത്തിയാണ് തടസ്സഹരജി നേരത്തേ കോടതി തള്ളിയത്. കണ്ടെത്തിയ പെട്ടി ചൊവ്വാഴ്ച കേസ് പരിഗണിക്കും മുമ്പ് കോടതിയിൽ ഹാജരാക്കി.

കോടതിയിൽ ഹാജരാക്കിയ ബാലറ്റ്‌പെട്ടി അടക്കമുള്ളവയെക്കുറിച്ച് രജിസ്ട്രാറോട് കോടതി ചോദിച്ചറിഞ്ഞു. സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച് താക്കോൽ ഹൈക്കോടതിയെ ഏൽപിക്കാമെന്ന നിർദ്ദേശമുണ്ടായെങ്കിലും ഇവ ഹൈക്കോാടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. അന്വേഷണ ആവശ്യത്തിൽ ഇരുപക്ഷത്തെയും കേട്ട് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. സബ് കലക്ടറുടെ റിപ്പോർട്ടിന് മറുപടി നൽകാൻ ഹർജിക്കാരടക്കമുള്ളവർ സമയം തേടിയതിനെ തുടർന്ന് ഹർജി വീണ്ടും ജനുവരി 31ന് പരിഗണിക്കാൻ മാറ്റി.