മലപ്പുറം: സ്വന്തം മകളെ തട്ടിക്കൊണ്ടുപോയിയെന്ന യുവതിയുടെ പരാതിയിൽ കുട്ടിയുടെ പിതാവുകൂടിയായ പൊലീസുകാരൻ റിമാൻഡിൽ. എറണാകുളം ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ കമാൻഡർ ആയ മങ്കട കൂട്ടിൽ ചേരിയം മുണ്ടേടത്ത് അബ്ദുൽ വാഹിദ് (33)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ എം അഷ്‌റഫ് ഫെബ്രുവരി രണ്ടു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചത്.

ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുന്ന യുവതി തങ്ങളുടെ നാലു വയസ്സായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളിൽ എൽകെജിയിൽ ചേർത്തിരുന്നു. ഇക്കഴിഞ്ഞ 18ന് മദ്യപിച്ച് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ സ്‌കൂൾ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബുള്ളറ്റ് ബൈക്കിൽ കയറ്റി ബലമായി കൊണ്ടുപോകുകയുമായിരുന്നുവെന്നാണ് പരാതി.

പിന്നീട് കുട്ടിയെ മാതാവിന്റെ വീടിനടുത്തുള്ള റോഡിൽ ഉപേക്ഷിച്ചതായും പരാതിയിൽ പറയുന്നു. സ്‌കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാവ് എത്തി മഞ്ചേരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് അബ്ദുൽ വാഹിദിനെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ കൊണ്ടുപോകാനുപയോഗിച്ച ബുള്ളറ്റ് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്സെടുത്തു. അതേ സമയം സ്വന്തം കുഞ്ഞാണെങ്കിലും നാലു വയസ്സ് മാത്രം പ്രായമുള്ള മകളെ പിതാവിനു ഇവരുടെ അനുമതി വാങ്ങിക്കാതെ കൊണ്ടുപോകാൻ കഴിയില്ലെന്നും സ്‌കൂളിൽ ഏൽപിച്ച മാതാവുപോലും അറിയാതെ കൊണ്ടുപോയതു നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. അതോടൊപ്പം തന്നെ പ്രതി മദ്യപിച്ചുവന്നതും സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും ഭാര്യയായ യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ഭാര്യയും കുഞ്ഞുമായും അകന്നു കഴിയുന്ന പ്രതി തന്റെ കുഞ്ഞിനെ കാണാനാണ് എത്തിയതെന്നും തന്റെ സ്വന്തം കുഞ്ഞിനെ കൊണ്ടുപോകാൻ മറ്റൊരാളുടെ അനുമതി വാങ്ങിക്കേണ്ടതുണ്ടോയെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിയമവശം വിശദീകരിച്ചാണ് കോടതി റിമാൻഡിന് ഉത്തരവിട്ടത്. അതേ സമയം പ്രതിയായ പൊലീസുകാരന് പൊലീസ് ക്യാമ്പിലും സമാനമായ ചില പ്രശ്നങ്ങളുണ്ടാക്കിയതായും സൂചനകളുണ്ട്.