- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ വാദങ്ങൾ തള്ളി; സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം; കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അനിവാര്യമെന്ന വാദം അംഗീകരിക്കാതെ ഹൈക്കോടതി; നിയമപോരാട്ടത്തിന്റെ വിജയമെന്നും സിബിഐ കണ്ടെത്തൽ വിഡ്ഢിത്തമെന്നും ഒന്നാം പ്രതി എസ് വിജയൻ
കൊച്ചി: ഐ എസ് ആർ ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ ആറ് പ്രതികൾക്കും ജാമ്യം. സിബിഐയുടെ വാദം തള്ളിയാണ് സിബി മാത്യൂസ്, മുൻ ഡിവൈഎസ്‌പി വിജയൻ എന്നിവരടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഈ മാസം 27-ന് പ്രതികൾ എല്ലാവരും സിബിഐയ്ക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
പ്രതികൾ ചോദ്യംചെയ്യലിന് വിധേയരാകണം. ചോദ്യം ചെയ്യലിന് ശേഷം ഇവരെ അറസ്റ്റ് ചെയ്താൽ അവർക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു. മുൻഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ,മുൻ എഡിജിപി സിബി മാത്യൂസ്,ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ജയപ്രകാശ്, വികെ മൈനി, മുൻ ഡിവൈഎസ്‌പി വിജയൻ, മുൻഡിവൈഎസ്‌പി തമ്പി.എസ് ദുർഗാദത്ത് എന്നിവരാണ് ഹർജിക്കാർ.
കേസിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന് സിബിഐ വാദിച്ചു. പ്രതികളെ എല്ലാവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. നമ്പി നാരായണനെ കുടുക്കാനുള്ള നീക്കമായിരുന്നു നടന്നത്. അത് എന്താണെന്ന് കണ്ടെത്തണം. അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന നിലപാടാണ് സിബിഐ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി.
ഹൈക്കോടതി നേരത്തെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ജയിൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ജയിൻ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം വെച്ച് മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത ശേഷമാണ് ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
നിയമപോരാട്ടത്തിന്റെ വിജയമെന്ന് എസ് വിജയൻ
നിയമ പോരാട്ടത്തിന്റെ വിജയമാണിതെന്ന് ഒന്നാം പ്രതി എസ് വിജയൻ പ്രതികരിച്ചു.സിബിഐയുടെ കണ്ടെത്തൽ എല്ലാം വിഡ്ഢിത്തമാണ്. ഐ.ബിയുടെ ആവശ്യപ്രകാരമാണ് കേസ് അന്വേഷിച്ചത്. ജൈവികമായ ആവശ്യത്തിനായി രാജ്യ രഹസ്യങ്ങൾ ചോർത്തി നൽകി. കേസിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.