- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ നോ എന്ന് പറഞ്ഞാൽ അതിനർഥം നോ എന്ന് തന്നെയാണെന്ന് ആൺകുട്ടികൾ മനസിലാക്കണം; സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് പഠിച്ചിരിക്കണം; കൊല്ലം എൻജിനിയറിങ് കോളേജിലെ സംഭവത്തിൽ ഹർജി തീർപ്പാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം
കൊച്ചി: എറണാകുളം ലോ കോളേജിൽ പൊതുവേദിയിൽ വച്ച് നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം വിവാദമായിരുന്നു. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ പങ്കെടുത്ത പ്രമോഷൻ പരിപാടിക്കിടെ അപർണയ്ക്കു പൂവു നൽകാനായി വേദിയിൽ കയറിയ വിദ്യാർത്ഥി അവരുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും 'എന്താടോ, ലോ കോളജ് അല്ലേ' എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപർണ പിന്നീട് ഫേസ്‌ബുക്കിൽ കുറിച്ചു. ഏതായാലും, ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂർവം തിരിച്ചറിയാനും ബഹുമാനിക്കാനും പരിശീലിക്കേണ്ടത് അത്യാവശ്യമെന്നാണ് പൊതുവെ അഭിപ്രായം ഉയരുന്നത്. കൊല്ലം എൻജിനീയറിങ് കോളേജിലെ ഒരുസംഭവത്തിൽ ഹൈക്കോടതി നിരീക്ഷണവും സമാനമാണ്.
സ്ത്രീകൾ നോ എന്ന് പറഞ്ഞാൽ അതിനർഥം നോ എന്ന് തന്നെയാണെന്ന് ആൺകുട്ടികൾ മനസിലാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് പഠിച്ചിരിക്കണം. കാമ്പസിലെ ഒരു കൂട്ടം പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ തനിക്കെതിരെ നടപടിയെടുത്തത് ചോദ്യം ചെയ്തുകൊല്ലം ജില്ലയിലെ എൻജിനീയറിങ് കോളജ് വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
കോളജിലെ പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹരജിക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാൽ തന്റെ വാദം കേൾക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതി കേട്ടു പരിഹാരമുണ്ടാക്കാൻ കോളജ് തലത്തിൽ പരാതി പരിഹാര കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ രൂപവത്കരിക്കാനും തുടർന്ന് ഒരുമാസത്തിനുള്ളിൽ തീരുമാനം എടുക്കാനും ഹൈക്കോടതി നിർദേശിച്ചു.
സ്‌കൂളുകളിലും കോളജുകളിലും വിദ്യാർത്ഥികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടി വരികയാണ്. വിഷയം ആഴത്തിൽ ചിന്തിക്കേണ്ട സമയമായി. ആൺകുട്ടികൾ പൊതുവേ ചെറുപ്പം മുതൽ ലിംഗ വിവേചന മനോഭാവത്തോടെയാണ് വളരുന്നത്. സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് അവർ തിരിച്ചറിയണം. സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് ഒരാളുടെ വ്യക്തിത്വത്തെ വെളിവാക്കുന്നു. മധ്യകാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതൻ ഇബ്നുൽ ഖയിം അൽ ജൗസിയ പറയുന്നു 'സമൂഹത്തിന്റെ ഒരു പാതിക്ക് ജന്മം നൽകുന്ന മറുപാതിയാണ് സ്ത്രീകൾ. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു.' ലിംഗവിവേചനം അംഗീകരിക്കാനാവില്ല. എതിർവിഭാഗത്തിലുള്ളവരോട് ആദരവോടെ പെരുമാറാൻ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്‌കൂൾ തലത്തിലും പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു