- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണം; 2018 ലെ വേതന പരിഷ്കരണം മൂന്നുമാസത്തിനകം പുനഃ പരിശോധിക്കണം; നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും ഭാഗം കേൾക്കണം എന്നും ഹൈക്കോടതി; നഴ്സുമാരുടെ മിനിമം വേതനം 5 വർഷം മുമ്പ് നിശ്ചയിച്ചത് വൻപ്രക്ഷോഭത്തിന് ശേഷം; കോടതി ഉത്തരവ് യുഎൻഎയുടെ പോരാട്ടത്തിന്റെ വിജയം
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018ൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം മൂന്ന് മാസത്തിനകം പരിശോധിക്കാനാണ് ഉത്തരവ്. നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷമാകണം വേതനകാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
2018 ലെ വേതന പരിഷ്‌കരണത്തിൽ, ആയുർവേദം അടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
വൻസമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് 2018ൽ നഴ്സുമാരുടെ മിനിമം വേതനം സർക്കാർ നിശ്ചയിച്ചത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയായും പരമാവധി 30,000 രൂപയുമായാണ് അന്ന് സർക്കാർ നിശ്ചയിച്ചിരുന്നത്. ഇതിനോട് ഇരുവിഭാഗങ്ങളും യോജിച്ചിരുന്നില്ല. തുടർന്ന് മാനേജ്മെന്റും നഴ്സുമാരും വ്യത്യസ്ത ഹർജികളുമായി കോടതിയെ സമീപിച്ചിരുന്നു.
നിലവിൽ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നഴ്സുമാർ വീണ്ടും സമരവുമായി രംഗത്തുവന്നത്. സർക്കാർ സർവീസിൽ ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെ കൂടി ഉയർത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ തങ്ങളുമായി ആലോചിക്കാതെയാണ് സർക്കാർ മിനിമം വേതനം നിശ്ചയിച്ചതെന്നാണ് മാനേജ്മെന്റുകളുടെ ഹർജിയിൽ പറയുന്നത്. ഇതേതുടർന്നാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്നു മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ കോടതിയുടെ ഉത്തരവ്.
വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രതിദിന വേതനം 1500 രൂപയാക്കുകയെന്നതിന് പുറമെ, കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക, ഇടക്കാലാശ്വാസമായ 50 % ശമ്പള വർധനയെങ്കിലും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്. വിഷയത്തിൽ കൊച്ചിയിൽ ലേബർ കമ്മീഷണർ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നായിരുന്നു തൃശ്ശൂരിൽ സൂചനാ പണിമുടക്ക് നടത്തിയത്.