മാവേലിക്കര: ഗുണനിലവാരമില്ലാത്ത കോൺഫ്‌ളക്‌സ് ബിസ്‌കറ്റ് വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10000/ രൂപ കോടതി ചെലവും നല്കാൻ കോടതി ഉത്തരവ്.

മാന്നാർ തോംസൺ ബേക്കറിക്കും ജോളി ഫുഡ് പ്രൊഡക്ട്‌സിനുമെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകൻ തഴക്കര കാങ്കാലിമലയിൽ സരുൺ കെ ഇടിക്കുള നൽകിയ പരാതിയിലാണ് ആലപ്പുഴ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

2021 സെപ്റ്റംബർ 3 ന് തോംസൺ ബേക്കറിയിൽ നിന്ന് സരുൺ വാങ്ങിയ കോൺഫ്‌ളെക്‌സ് ബിസ്‌കറ്റ് കനച്ചതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ളതുമായിരുന്നു. തുടർന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പിന്നീട് കമ്മീഷൻ ബിസ്‌കറ്റ് തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലാബിലേക്കയച്ച് റിസൾട്ട് വിളിച്ച് വരുത്തിയപ്പോൾ ബിസ്‌കറ്റുകൾ ഭക്ഷ്യയോഗ്യമായതല്ല എന്ന് കണ്ടെത്തി.

ബിസ്‌കറ്റ് നിർമ്മിച്ചത് ഏത് തരം ഭക്ഷ്യ എണ്ണയാണ് എന്നുള്ള കാര്യവും ലേബലിൽ പറഞ്ഞിരുന്നില്ല. വിസ്തരിച്ചപ്പോൾ കമ്മീഷനിലും ഏത് തരം എണ്ണയാണ് ഉപയോഗിച്ചതെന്ന് ബേക്കറി ഉടമയ്ക്ക് കൃത്യമായി പറയാൻ കഴിഞ്ഞില്ല. തുടർന്നാണ് കമ്മീഷൻ പ്രസിഡന്റ് എസ് സന്തോഷ് കുമാറും അംഗം സി കെ ലേഖാമ്മയും ഒരു ലക്ഷം രൂപ പരാതിക്കാരന് സേവനത്തിലുണ്ടായ വീഴ്ചയക്കും മറ്റും നഷ്ടപരിഹാരമായി നൽകുവാനും 10000/ രൂപ കോടതി ചെലവ് നൽകുവാനും ഉത്തരവിട്ടത്.