കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എൻഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു. വിശദമായ വാദത്തിനു ശേഷമാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കൊച്ചിയിലെ എൻഐഎ കോടതി തള്ളിയത്.

അലൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില പോസ്റ്റുകൾ അനുചിതമാണ്. എന്നാൽ ഇത് ജാമ്യം റദ്ദാക്കാൻ മാത്രമുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്ന കോടതി അലന് നിർദേശവും നൽകി.

പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനൽ കേസിൽ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൻഐഎ കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി പന്നിയങ്കര പൊലീസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോടതി നിർദ്ദേശപ്രകാരം ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ അലന് അനുകൂലമായിരുന്നു പന്നിയങ്കര പൊലീസിന്റെ നിലപാട്.

എന്നാൽ, പാലയാട് ക്യാംപസിലെ സംഭവത്തിനു ശേഷം ആദ്യം നൽകിയതിനു നേരെ വിപരീതമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. ഇക്കാര്യം ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിട്ടുണ്ട്.