മലപ്പുറം: 14 വയസ്സുള്ള പെൺകുട്ടിയെ നിരന്തരം പിൻതുടർന്ന് പ്രണയഭ്യാർഥന നടത്തുകയും പെൺകുട്ടി നിഷേധിക്കുകയും ചെയ്തതോടെ വിരോധംവെച്ച് പെൺകുട്ടിയെ വധിക്കാൻ ശ്രമിച്ച 23കാരന് ഏഴുവർഷം കഠിന തടവും 22000 രൂപ പിഴയും. 2022 ഏപ്രിൽ മാസത്തിൽ പ്രതിയുടെ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധം വെച്ച് ജൂലൈ ഏഴിനു രാവിലെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി പിൻതുടർന്ന് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തി കൊല്ലാൻ ശ്രമിച്ച കാര്യത്തിന് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷ് (23) എന്നയാളെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽകുമാർ 7 വർഷം കഠിന തടവിനും 22,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

യു/എസ് 307 ഐ.പി.സി പ്രകാരം 3 വർഷം കഠിന തടവും 10,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കഠിന തടവും. യു/എസ് 341 ഐ.പി.സി പ്രകാരം 1 മാസം സാധാരണ തടവും. യു/എസ് 7 ആർ/ഡബ്ല്യു 8 പോക്‌സോ ആക്ട് പ്രകാരം 3 വർഷം കഠിന തടവും 10000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കഠിന തടവും. യു/എസ് 11 (4) ആർ/ഡബ്ല്യു 12 പോക്‌സോ ആക്ട് പ്രകാരം 1 വർഷം കഠിന തടവും 2,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 മാസം കഠിന തടവും ആണ് ശിക്ഷ.

2022 ജൂലൈ 7ാം തിയ്യതി കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്യോഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് പെരിന്തൽമണ്ണ പൊലീസ് സബ് ഇൻസ്പെക്ടർ സി.കെ നൗഷാദും തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ ആയ സി.അലവിയുമാണ്. പ്രതി അന്നേ ദിവസം മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വരികയാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന.പി.പരമേശ്വരത്ത് ഹാജരായി, പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.