കൊച്ചി: നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ അഭിഭാഷകൻ തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. കബളിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി വിഷയം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചു. വ്യാജ രേഖ ചമയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നുവെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ കേസിൽ, പപരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന് ഉണ്ണിയുടെ അഭിഭാഷകനായ സൈബി ജോസ് ഇന്ന് വാദം ഉന്നയിച്ചു. പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചിരുന്നു. വ്യാജസത്യവാങ്മൂലം അല്ല നൽകിയത് എന്നതിനു തെളിവുകളാണ് ഇതെല്ലാമെന്നും സൈബി വാദിച്ചു.

ഈ മാസം 9 ന് കേസിന്റെ തുടർനടപടികൾക്കുള്ള സ്റ്റേ കോടതി നീക്കിയിരുന്നു. വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് നീക്കിയത്. രണ്ട് വർഷത്തോളമായി കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ ആവശ്യം.

തുടർ നടപടികൾക്ക് സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകനായ സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ. കേസ് ഒത്തുതീർപ്പായെന്നാണ് സൈബി ജോസ് കോടതിയെ അറിയിച്ചത്. എന്നാൽ നടനുമായി ഒത്തുതീർപ്പുണ്ടായിട്ടില്ലെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ അഭിഭാഷകനെതിരെ ഹൈക്കോടതി രംഗത്തെത്തി

കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ച് സൈബി നൽകിയ രേഖ വ്യാജമെന്നു കോടതി കണ്ടെത്തി. വിഷയം ഗൗരവതരമാണെന്നു കോടതി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ തവണകേസ് പരിഗണിച്ചപ്പോൾ സൈബി ജോസ് ഹാജരായിരുന്നില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നു വ്യക്തമാക്കിയ കോടതി, വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും വ്യക്തമാക്കി. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനോടു കോടതി നിർദ്ദേശിച്ചു.

ഉണ്ണി മുകുന്ദന് എതിരായ പരാതി ഇങ്ങനെ:

കഥ പറയാൻ വീട്ടിലെത്തിയപ്പോൾ ഉണ്ണി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. എറണാകുളത്തു തിരക്കഥാരചന കോഴ്‌സ് പൂർ്ത്തിയാക്കിയ യുവതി, താൻ എഴുതിയ കഥ കേൾപ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടർന്ന്, നടൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. 2018 സെപ്റ്റംബർ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു. കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന് നിർദ്ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉണ്ണി മുകുന്ദൻ ചേരാനെല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്ത് നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീർപ്പായെന്ന മട്ടിൽ രഹസ്യപ്രചാരണം നടന്നു. ഇതോടെയാണു കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്. സിനിമയിൽ സജീവമാകാൻ ആഗ്രഹിക്കുന്ന ഒരു യുവ തിരക്കഥാകൃത്താണ് പരാതിക്കാരി. എറണാകുളം സ്വദേശിനിനാണ് ഇവർ. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സമീപിച്ചപ്പോൾ ആയിരുന്നു ഉണ്ണി മുകുന്ദന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

സിനിമയുടെ കഥ കേൾക്കാൻ വലിയ താത്പര്യം ഒന്നും ഉണ്ണി പ്രകടിപ്പിച്ചില്ലെന്നാണ് യുവതി പറയുന്നത്. തിരക്കഥ കൊണ്ടു വരാൻ ആവശ്യപ്പെട്ടപ്പോൾ അതുകൊണ്ടുവരാൻ വേണ്ടി ഇറങ്ങവെ ആണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഉണ്ണി മുകുന്ദൻ തന്നെ കയറി പിടിച്ചു എന്നും ടീ ഷർട്ടിൽ പിടിച്ചു വലിച്ചു എന്നും ബലമായി മുഖത്ത് ചുംബിക്കാൻ ശ്രമിച്ചു എന്നും ഒക്കെയാണ് യുവതി ആരോപിക്കുന്നത്. താൻ ശക്തമായി പ്രതിരോധിച്ചപ്പോൾ ആണ് അയാൾ ശ്രമം ഉപേക്ഷിച്ചത് എന്നും യുവതി പറയുന്നുണ്ട്.

അവിടെ വച്ച് താൻ ബഹളം വച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. താൻ പ്രതിരോധിക്കുമ്പോഴും ഉണ്ണി മുകുന്ദന്റെ മുഖത്ത് ചിരിയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. എതിർത്താലും ഒടുവിൽ വഴങ്ങും എന്നായിരുന്നു അയാൾ പ്രതീക്ഷിച്ചിരുന്നത് എന്ന രീതിയിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഒടുവിൽ പ്രശ്നം രൂക്ഷമാകും എന്ന് മനസ്സിലായപ്പോൾ ആണത്രെ ഉണ്ണി മുകുന്ദൻ യുവതിയെ വിട്ടത്.

താൻ കോടതിയെ സമീപിക്കാതെ നേരിട്ട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിൽ ഉണ്ണി മുകുന്ദൻ അറസ്റ്റിലായേനെ എന്നാണ് യുവതി പറയുന്നത്. സ്വകാര്യതയെ ഭയന്ന് മാത്രമാണ് അന്ന് പൊലീസിൽ പരാതി നൽകാതിരുന്നത്. വീട്ടുകാരും പരാതിയുമായി മുന്നോട്ട് പോകുന്നതിനോട് സഹകരിച്ചിരുന്നില്ലെന്നും യുവതി പറയുന്നുണ്ട്.