കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ജപ്തിനടപടിയിൽ പിഎഫ്ഐ പ്രവർത്തകരല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുകൊടുത്തെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോടതി ഉത്തരവ് നടപ്പാക്കിയെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

ഹർത്താലിലെ നാശനഷ്ടം കണക്കാക്കുന്നതിനായി നിയമിച്ച ക്ലെയിംസ് കമ്മീഷണർക്ക് ഓഫീസ് തുടങ്ങാൻ ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജപ്തിനടപടികൾ നേരിടേണ്ടിവന്ന പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കൾ നടപടിയിൽ ഉൾപ്പെട്ടതായി തിരിച്ചറിഞ്ഞു. ഈ സ്വത്തുക്കൾ വിട്ടുനൽകിയതായി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിന്റേതുൾപെടെ 18 പേർക്കെതിരെയുള്ള ജപ്തി നടപടികൾ അടിയന്തരമായി പിൻവലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ നടപടി.

ലാന്റ് റവന്യൂ കമ്മീഷണറുടെയും സംസ്ഥാന പൊലീസ് മേധാവിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർത്താലിലെ പൊതുമുതൽ നഷ്ടം കണക്കാക്കുന്നതിനായി ക്ലെയിംസ് കമ്മീഷണറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അടുത്ത ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും.