ന്യൂഡൽഹി: ശിവസേനയുടെ ചിഹ്നവും പേരും ഷിൻഡെ പക്ഷത്തിന് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിലവിലെ സാഹചര്യത്തിൽ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ഉദ്ധവ് താക്കറെ വിഭാഗത്തിന് കത്തുന്ന പന്തം ചിഹ്നം തുടർന്നും ഉപയോഗിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഫെബ്രുവരി 17ലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെയാണ് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, ഉദ്ധവ് പക്ഷക്കാർക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കില്ലെന്ന് ഷിൻഡെ ഉറപ്പു നൽകി. ശിവസേനയുെട ചിഹ്നമായ അമ്പും വില്ലും ഷിൻഡെ പക്ഷത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. ഉദ്ധവ് പക്ഷത്തിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും പരിഗണിച്ച് തള്ളിയതാണെന്നു ഷിൻഡെ പക്ഷം സുപ്രീം കോടതിയെ അറിയിച്ചു.

ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി കണ്ട് അമ്പും വില്ലും ചിഹ്നം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു ഉദ്ധവ് വിഭാഗത്തിന്റെ ഹരജി. കഴിഞ്ഞ വർഷമാണ് ശിവസേന രണ്ടായി പിളർന്നത്. തുടർന്ന് ഉദ്ധവ് താക്കറെയെ വീഴ്‌ത്തി ഏക്‌നാഥ് ഷിൻഡെ ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരുന്നു.