- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ അഞ്ചുദിവസമായി കൊച്ചി പുകയുന്നു; വിഷപ്പുക വ്യാപിക്കുന്നത് ഉണ്ടാക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തയച്ചതിന് പിന്നാലെ ബ്രഹ്‌മപുരം തീപ്പിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കൊച്ചിയിലെ സ്‌കൂളുകൾക്ക് നാളെയും അവധി; ബ്രഹ്‌മപുരത്തേത് മനുഷ്യനിർമ്മിത തീപിടിത്തമെന്ന് കോൺഗ്രസ്
കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്ത് നൽകിയതിന് പിന്നാലെ ബ്രഹ്‌മപുരം തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. തീപിടുത്തത്തെ തുടർന്ന് കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തയച്ചത്.
തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ സ്‌കൂളുകൾക്ക് നാളെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും അവധിയാണ്. എന്നാൽ പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിൽ അവധി ബാധകം.
ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിൽ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തയച്ചത്. കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം.
വ്യാഴാഴ്ചയാണ് ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ചത്. കഴിഞ്ഞദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടർന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളിലും ഏഴു വരെയുള്ള ക്ലാസുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെപ്പേർക്കു തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടായി. ശ്വാസംമുട്ടൽ, ഛർദി, രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്‌മപുരത്തിനു സമീപമുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടി.
ബ്രഹ്‌മപുരത്തെ തീ അഞ്ചാം ദിവസം പൂർണ്ണമായി കെടുത്താനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയാണെന്നാണ് അഗ്നിരക്ഷാ സേന ആവർത്തിക്കുന്നത്. നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. 27 അധികം ഫയർ യൂണിറ്റുകൾ അഞ് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂർണ്ണായി തീ അണക്കാനാകില്ലെന്നാണ് ഫയർ ഫോഴ്സ് അറിയിക്കുന്നത്. കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. എങ്കിൽ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ.
പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം,കലൂർ വൈറ്റിലയും പിന്നിട്ട് ബ്രഹ്‌മപുരത്ത് നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക വ്യാപിച്ചു. വെയിൽ കനക്കും വരെ മൂടലായി പുകയും അന്തരീക്ഷത്തിൽ തങ്ങി നിന്നു. കോർപ്പറേഷൻ, നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇത് എവിടെ നിക്ഷേപിക്കുമെന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. മാലിന്യം താൽകാലികമായി നിക്ഷേപിക്കാൻ കോർപ്പറേഷൻ ചില സ്ഥലങ്ങൾ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂർണ്ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തിൽ നിന്ന് മാലിന്യം ബ്രഹ്‌മപുരത്തേക്ക് മാറ്റുക.
അതേസമയം, ബ്രഹ്‌മപുരത്തേത് മനുഷ്യനിർമ്മിതമായുള്ള തീപിടുത്തമെന്ന് ബെന്നി ബഹനാൻ എംപി ആരോപിച്ചു. ഇവിടുത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്. പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച് ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചിൻ കോർപ്പറേഷൻ ബയോമൈനിങ്മായി ബന്ധപ്പെട്ട് ടെൻഡർ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ആസൂത്രിതമായി അഴിമതിക്ക് വേണ്ടിയിട്ടുള്ള കളമൊരുക്കുകയായിരുന്നു. ടെൻഡർ യോഗ്യതപോലും ഇല്ലാതിരുന്ന മുൻ എൽഡിഎഫ് കൺവീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള കമ്പനിക്ക് കരാർ ലഭിക്കുന്നതിന് വേണ്ടി സർക്കാരും കൊച്ചിൻ കോർപ്പറേഷനും വഴിവിട്ട പ്രവർത്തനമാണ് നടത്തിയത്.