- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുതൽ മേഖല വിധിയിൽ ഇളവ് തേടിയുള്ള കേരളത്തിന്റെ അപേക്ഷയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണം; വിധി ഭേദഗതി ചെയ്താൽ ആശങ്കകൾക്ക് പരിഹാരം ആകില്ലേയെന്ന് സുപ്രീം കോടതി; ഖനന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജസ്റ്റിസ് ബി ആർ ഗവായ് ഉൾപ്പെട്ട ബഞ്ച്
ന്യൂഡൽഹി: കരുതൽ മേഖലയിൽ സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്നും, ഖനനം പോലുള്ള പ്രവർത്തനങ്ങളുടെ നിരോധനമാണ് ലക്ഷ്യമിടുന്നതെന്നും ഇന്നലെ വ്യക്തമാക്കിയ സുപ്രീം കോടതി വിധിയിലെ ഭേദഗതി കേരളത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷ നൽകി. ബഫർസോൺ വിധി ഭേദഗതി ചെയ്താൽ ആശങ്കകൾക്ക് പരിഹാരമാകില്ലേയെന്ന് എന്നു വാദത്തിനിടെ കോടതി ചോദിച്ചു.
എന്നാൽ, വിധി ഭേദഗതി ചെയ്താലും ഒരു കിലോമീറ്റർ പരിധിയിൽ ഖനനം അനുവദിക്കില്ല. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ പരിധിയിലെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരട്് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫർ സോൺ വിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്റെ മൂന്നിൽ ഒരു ഭാഗം വനമാണ്. ഇതിനു ചുറ്റും ജനം തിങ്ങിപ്പാർക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു. വിധിയിൽ ഭേദഗതിയും ഇളവുകളും തേടി കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകിയ അപേക്ഷകൾ ഉത്തരവിനായി കോടതി മാറ്റി.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള കരുതൽ മേഖലയിൽ നിർമ്മാണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിലക്ക് സാധ്യമല്ലെന്നും ഖനന നിരോധനമാണ് ഉദ്ദേശിച്ചതെന്നും സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ മേഖലയിൽ നിയന്ത്രിക്കേണ്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും, അനുവദിക്കേണ്ടവ അനുവദിക്കുകയും വേണം. പരിസ്ഥിതിക്കൊപ്പം തന്നെ മനുഷ്യരുടെ ജീവിതം കൂടി പരിഗണിക്കണം. വിനോദസഞ്ചാരമടക്കമുള്ള അവരുടെ ജീവനോപാധികളിൽ നിയന്ത്രണമേർപ്പെടുത്താനാവില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി വിധിയിലെ വൈരുധ്യങ്ങളും നിർദ്ദേശങ്ങളിലെ അപ്രായോഗികതയും കേന്ദ്ര സർക്കാർ അഭിഭാഷകയും അമിക്കസ് ക്യൂറിയും ചൂണ്ടിക്കാട്ടിയപ്പോൾ അവ ശരിവെച്ച ബെഞ്ച്, വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽ മേഖല നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ ഉത്തരവിലെ വിവാദ നിർദ്ദേശങ്ങൾ തിരുത്തുമെന്ന സൂചനയാണ് നൽകുന്നത്.
ഖനനംപോലുള്ള പ്രവർത്തനങ്ങൾ തടയുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, നിർമ്മാണമടക്കമുള്ളവക്ക് ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ല. കരുതൽ മേഖല നിശ്ചയിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടന്നിട്ടുണ്ടോയെന്നും ഈ മേഖലകളിൽ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുണ്ടോയെന്നും സുപ്രീംകോടതി ആരാഞ്ഞു. മണൽ നീക്കുന്ന പ്രവൃത്തികൾ ഉണ്ടായില്ലെങ്കിൽ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന പെരിയാർവാലി സംരക്ഷണ സമിതിയുടെ വാദത്തോടും കോടതി യോജിച്ചു.
മറുനാടന് മലയാളി ബ്യൂറോ