- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാംഗത്വം പുനഃ സ്ഥാപിച്ചില്ല; മുഹമ്മദ് ഫൈസലിന്റെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും; ഹർജി പരിഗണിക്കുക ശിക്ഷാവിധി മരവിപ്പിച്ചതിന് എതിരായ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജിക്കൊപ്പം
ന്യൂഡൽഹി: കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കാത്തതിനെ ചോദ്യം ചെയ്ത് ലക്ഷ്വദ്വീപിലെ മുൻഎംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ലോക്സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രണ്ട് മാസമായി ലോക്സഭാ സെക്രട്ടറിയേറ്റ് മനഃപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാണ് ഫൈസൽ ആരോപിക്കുന്നത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ അഭിഭാഷകരായ മനു അഭിഷേക് സിങ്വി, കെ.ആർ. ശശിഭൂഷൺ എന്നിവർ ഈ ഹർജിയുടെ കാര്യം തിങ്കളാഴ്ച പരാമർശിച്ചു. ഇത് ഏപ്രിൽ അഞ്ചിന് കേൾക്കാമെന്ന് ആദ്യം ചീഫ് ജസ്റ്റീസ് മറുപടി പറഞ്ഞു.
എന്നാൽ ഹർജി അടിയന്തരമായി കേൾക്കേണ്ടതാണെന്നും ഫൈസലിന്റെ ശിക്ഷാവിധി മരവിപ്പിച്ചതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കോടതിക്ക് മുന്നിൽ എത്തുന്നുണ്ടെന്നും അഭിഭാഷകർ ബോധിപ്പിച്ചു. ഇതോടെ ലക്ഷദ്വീപിന്റെ അപ്പീലിനൊപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹർജിയാണ് മുഹമ്മദ് ഫൈസൽ ലോക്സഭാ സെക്രട്ടറി ജനറലിന് എതിരായി നൽകിയിരിക്കുന്നത്.
തന്റെ ഗതി തന്നെ രാഹുൽ ഗാന്ധിയും നേരിടുമെന്നും പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഫൈസൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വധശ്രമക്കേസിൽ പത്ത് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് എംപി ആയിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി പതിമൂന്നിനായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്.
ഫൈസൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോക്സഭാ സെകട്ടറിയേറ്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കിയിട്ടില്ല.
ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരെഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നടപടിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ ലോക്സഭാ സെക്രട്ടറിയേറ്റിന് തന്റെ അയോഗ്യത പിൻവലിക്കാൻ കഴിയാത്തതെന്നും ഹർജിയിൽ ഫൈസൽ ചോദിക്കുന്നു. അഭിഭാഷകൻ കെ.ആർ. ശശി പ്രഭുവാണ് ഫൈസലിന്റെ ഹർജി ഫയൽ ചെയ്തത്.