- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ശരിയുത്തരങ്ങൾ ടെക്സ്റ്റ് മെസേജായി ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും കിട്ടി; ശരിയുത്തരങ്ങൾ അയച്ചത് ആൻസർ കീ ഉപയോഗിച്ച്; ആൻസർകീ കൈമാറിയ ഉന്നതരെ ഒഴിവാക്കി പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം
തിരുവനന്തപുരം: പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ ഉന്നതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസ് പ്രതികളായ ശിവരഞ്ജിത, നസീം എന്നിവരടക്കം 5 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇവരെ കൂടാതെ പ്രണവ്, സഫീർ, കോൺസ്റ്റബിൾ ഗോകുൽ എന്നിവരാണ് മറ്റു പ്രതികൾ. 2019 ൽ നാലാം പ്രതി സഫീറിനും അഞ്ചാം പ്രതി കോൺസ്റ്റബിൾ ഗോകുലിനും ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
അതേ സമയം, മുഴുവൻ ചോദ്യങ്ങളുടെയും ശരി ഉത്തരങ്ങളടങ്ങിയ ഒറ്റഷീറ്റിലുള്ള ആൻസർ കീ സംസ്‌കൃത കോളേജ് കാമ്പസിലിരുന്ന സഫീറിനും കോൺസ്റ്റബിൾ ഗോകുലിനും എത്തിച്ചു കൊടുത്ത ഉന്നതരെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ചതായി ആക്ഷേപമുണ്ട്. ഉത്തര കീ ഉപയോഗിച്ചാണ് പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ശരിയുത്തരങ്ങൾ ടെക്സ്റ്റ് മെസേജായി പരീക്ഷാ ഹാളിലിരുന്ന ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും സഫീർ അയച്ചുകൊടുത്തത്.
പ്രതികൾ സിമ്മും മൊബൈലും നശിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് സന്ദേശങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഗൂഢാലോചനക്ക് വകുപ്പ് 120 ബി ചേർത്തെങ്കിലും ഉത്തര കീ കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ കുറ്റപത്രം കോടതിയിലെത്തിയാൽ ഇന്ത്യൻ തെളിവ് നിയമത്തിന്റെ പഴുതിലൂടെ നിലവിലുള്ള 6 പ്രതികളും ശിക്ഷയിൽ കലാശിക്കാതെ രക്ഷപ്പെടാനും സാധ്യതയുണ്ട്.. അതേ സമയം കോടതിയിൽ കീഴടങ്ങിയ ആറാം പ്രതി പ്രവീണിനെ നാമമാത്രമായി കസ്റ്റഡിയിൽ വാങ്ങി തിരികെ കോടതിയിൽ ഹാജരാക്കി അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ചിന് മേൽ സമ്മർദ്ദം ഉള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹരികൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. 94 എസ് എം എസ് ഉത്തരങ്ങൾ ഒന്നിലധികം മൊബൈൽ ഫോണുകൾ വഴി പരീക്ഷാ കേന്ദ്രത്തിൽ പ്രതികൾക്ക് ലഭിച്ചതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്, നസീം, പ്രണവ്, സഫീർ , ഗോകുൽ എന്നിവരെ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലായ മൊബൈൽ ഫോണുകൾ , ബ്ലൂ റ്റൂത്ത് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ളവ വീണ്ടെടുക്കാനായും ഉത്തരം നൽകിയ സ്വകാര്യ കോച്ചിങ് സെന്ററിലെ അദ്ധ്യാപകരടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായും ഉത്തരങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായും മറ്റും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ കോടതി വിട്ടു നൽകിയത്. എന്നാൽ നിലവിലുള്ള 5 പ്രതികളല്ലാതെ മറ്റാരെയും ക്രൈം ബ്രാഞ്ച് പ്രതിപ്പട്ടികയിൽ ചേർക്കാനായി അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടില്ല. നസീമും ശിവരജിത്തും മൊബൈൽ ഫോണുകൾ മൂന്നാറിൽ ഒളിവിൽ കഴിയവേ ഉപേക്ഷിച്ചതായാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. സി ബി ഐ അന്വേഷണത്തെ എതിർത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് തൊണ്ടിമുതൽ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. സി ബി ഐ ക്ക് കേസ് വിടാതിരിക്കാനാണ് ക്രൈംബ്രാഞ്ച് ഇപ്രകാരം റിപ്പോർട്ട് സമർപ്പിച്ചത്.
കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നാം പേരുകാരനായ ശിവരഞ്ജിത്ത് , രണ്ടാം റാങ്ക് നേടിയ പ്രണവ്, ഇരുപത്തിയൊന്നാം റാങ്കുകാരനായ നസീം , പ്രണവിന്റെ അയൽവാസി സഫീർ , ഉത്തരങ്ങൾ ബ്ലൂടൂത്ത് വഴി പരീക്ഷാ ഹാളിനുള്ളിൽ 3 പ്രതികൾക്കും അയച്ചു കൊടുത്ത പൊലീസ് കോൺസ്റ്റബിൾ ഗോകുൽ തുടങ്ങിയവർക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 420 ( വഞ്ചന ) ,120 ബി ( ക്രിമിനൽ ഗൂഢാലോചന ) , 109 (കുറ്റകൃത്യത്തിന്‌പ്രേരണ നൽകൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്. ഓഗസ്റ്റ് 8 നാണ് സംഭവത്തിൽ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ സമർപ്പിച്ചത്.
സഫീർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സഫീറും കൂട്ടു പ്രതിയായ പ്രണവും കോൺസ്റ്റബിൾ ഗോകുലും വിചാരണ കോടതിയിൽ കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ആറാം പ്രതി മുണ്ടക്കയം സ്വദേശി പ്രവീൺ സിജെഎം കോടതിയിൽ കീഴടങ്ങിയത്. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും അഭിഭാഷകൻ മുഖേനയാണ് പ്രവീൺ കോടതിയിൽ കീഴടങ്ങിയത്. നിലവിലെ പ്രതികൾക്ക് വിചാരണയിൽ ഊരിപ്പോകാനുള്ള പഴുതുകളിട്ടാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ