തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ പരാതിക്കാരൻ ആർഎസ് ശശികുമാർ നൽകിയ റിവ്യൂ ഹർജി ലോകായുക്ത നാളെ പരിഗണിക്കും. കേസ് ഫുൾബെഞ്ചിന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹർജി പരിഗണിക്കണോ എന്ന കാര്യത്തിൽ ലോകായുക്ത ഫുൾ ബെഞ്ച് തന്നെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹർജി നിലനിൽക്കുന്നതാണോ എന്ന് പരിശോധിക്കാൻ വീണ്ടും ഫുൾബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ഹർജി നിലനിൽക്കുമെന്നും, അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമുള്ള വിധി പ്രസ്താവം നിലനിൽക്കുകയാണ്. ആ വിധി അപ്രസക്തമാക്കിയാണ് ലോകായുക്തയുടെ പുതിയ ഉത്തരവ് എന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഫുൾ ബെഞ്ച് കേസ് മറ്റന്നാളാണ് പരിഗണിക്കുക.