- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നംഗ ബെഞ്ച് കേസിൽ വാദം കേൾക്കുന്നതിൽ എന്താണ് പ്രശ്നം? വിധി പറയാൻ ഒരു വർഷം കാത്തിരുന്നത് മനഃപൂർവ്വം അല്ല; ആരെയെങ്കിലും പേടിച്ചു ഉത്തരവ് എഴുതുന്നവർ അല്ല ഞങ്ങൾ; പരാതിക്കാരനെ വിമർശിച്ചു എന്നത് കേസിനെ ബാധിക്കില്ല; ദുരിതാശ്വാസ നിധി വകമാറ്റൽ കേസിൽ റിവ്യൂ ഹർജി ലോകായുക്ത തള്ളി; വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോകുമെന്ന് ആർ എസ് ശശികുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബെഞ്ചിന് വിട്ട വിധിയിൽ മാറ്റം വരുത്തില്ലെന്ന് ലോകായുക്ത. റിവ്യൂ ഹർജി തള്ളി. അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉയർത്തിയാണ് ഹർജിക്കാരൻ ആർ എസ് ശശികുമാർ റിവ്യൂ ഹർജി ഫയൽ ചെയ്തതെന്ന് ലോകായുക്ത നിരീക്ഷിച്ചു. റിവ്യൂ ഹർജി നിലനിൽക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
കേസ് ഫുൾ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത പറഞ്ഞു. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നൽകിയില്ല. ലോകായുക്ത നിയമപ്രകാരമാണ് ഫുൾ ബഞ്ചിന് വിട്ടതെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോ എന്നും ലോകായുക്ത ചോദിച്ചു.
നിഗമനങ്ങളിൽ മാറ്റമുണ്ടാകാം ഉണ്ടാകാതിരിക്കാം. പയസ് കുര്യാക്കോസും
ജസ്ജിസ് ബഷീറും കാരണം വ്യക്തമാക്കാതെ മുമ്പ് വ്യത്യസ്ത വിധി പറഞ്ഞപ്പോൾ നിങ്ങൾ എന്തു കൊണ്ട് എതിർത്തില്ലെന്ന് ലോകായുക്ത ഹർജിക്കാരനോട് ചോദിച്ചു. മൂന്നാമത്തെ ജഡ്ജ് കൂടി കേൾക്കുമ്പോൾ ചർച്ച നടക്കുമ്പോൾ എന്റെ അഭിപ്രായത്തിനും മാറ്റം വരാമെന്നും സിറിയക് ജോസഫ് പറഞ്ഞു.
അഭിഭ്രായ വ്യത്യാസമുണ്ടായാൽ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തിൽ വ്യക്തമാണ്. കോടതി ഉത്തരവുണ്ട്. പിന്നെയെന്താണ് സംശയമെന്ന് ഉപലോകായുക്തയും ചോദിച്ചു. എന്തുകൊണ്ട് ഹർജിക്കാരന് സഹകരിച്ചുകൂടായെന്നും ഉപലോകായുക്ത ചോദിച്ചു. ഉത്തരവിനെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. അതിനെ ലോകായുക്ത എതിർക്കേണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു. ഹർജി പരിഗണിക്കണോ വേണ്ടയോ എന്ന് മാത്രമാണ് മുമ്പ് ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ചത്. ആർക്കും നോട്ടീസ് അയച്ചിട്ടില്ല. വിശദവാദം കേൾക്കുമ്പോൾ മാത്രമാണ് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നത്. എല്ലാവർക്കും നോട്ടീസ് അയച്ചു വാദം കേട്ടു. നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാൽ മൂന്നംഗ ബഞ്ചിന് വിട്ടുവെന്നും ലോകായുക്ത പറഞ്ഞു. വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് ഇറക്കും.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമിടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും. എന്നാൽ ഭിന്ന വിധിയിൽ നിയമപ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ എസ് ശശികുമാർ റിവ്യൂ ഹർജി നൽകിയത്.
കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.എന്നാൽ മൂന്നംഗ ബെഞ്ച് കേസിൽ വാദം കേൾക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ലോകായുക്ത ചോദിച്ചു. വിധി പറയാൻ ഒരു വർഷം കാത്തിരുന്നത് മനഃപൂർവ്വം അല്ല, ഇതൊരു ചരിത്രവിധിയൊന്നുമല്ല. ആരെയെങ്കിലും പേടിച്ചു ഉത്തരവ് എഴുതുന്നവർ അല്ല ഞങ്ങൾ. പരാതിക്കാരനെ വിമർശിച്ചു എന്നത് കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത പ്രസ്താവിച്ചു.
അതേസമയം റിവ്യൂ ഹർജി തള്ളിയ നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആർഎസ് ശശികുമാർ പറഞ്ഞു. പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. ഹൈക്കോടതിയിൽ അല്ല, വേണ്ടി വന്നാൽ സുപ്രീംകോടതി വരെ പോകുമെന്നും ശശികുമാർ പറഞ്ഞു.