- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരഷിന് വ്യക്തമായ പങ്കുണ്ട്; സ്വപ്നയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം ശിവശങ്കറിന് വലിയ സ്വാധീനം; കേസ് അട്ടിമറിക്കാൻ സാധ്യത എന്നും ജാമ്യം നിഷേധിച്ച ഉത്തരവിൽ കോടതി
കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്നയെ അറസ്റ്റു ചെയ്യാത്തതിന് കാരണമെന്തെന്ന് ഇ.ഡിയോട് ഹൈക്കോടതി. കുറ്റകൃത്യത്തിൽ സജീവമായ പങ്കാളിത്തം സ്വപ്നയ്ക്കുണ്ട്. ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം
സ്്വപ്‌നയുടെ അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയമാണ്. അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്കുണ്ട്. കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പന്റെ ജാമ്യത്തിനു ശേഷം കേസിൽ മറ്റു പ്രതികളെ ഇ.ഡി. അറസ്റ്റു ചെയ്യാത്തതുമായി ബന്ധപ്പെട്ടാണ് കോടതി പരാമർശം. കോടതിയുടെ ചോദ്യത്തിന് ഇഡി ഉത്തരം നൽകേണ്ടി വരും.
മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സ്വാധീനമുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യത കൂടുതലാണ്. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടും ശിവശങ്കറിനെ പ്രധാന പദവിയിൽ നിയോഗിച്ചു. സർക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിന് കാരണമെന്നും കോടതി പറഞ്ഞു. ആരോഗ്യപരമായ കാരണത്താൽ ശിവശങ്കറിന് ജാമ്യം അനുവദിച്ചാൽ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും കോടതി പങ്കുവച്ചു.
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് തെളിവുണ്ട് എന്നതായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി നടപടി. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്, അതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കർ വാദിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാൻ തന്നെ കരുവാക്കുകയാണെന്നും ശിവശങ്കർ ആരോപിച്ചു. തനിക്ക് കേസുമായി നേരിട്ട് ബന്ധമില്ല. മുൻപ് സമാനമായ കേസിൽ തനിക്ക് ജാമ്യം അനുവദിച്ചിരുന്നു എന്നും ശിവശങ്കർ വാദിച്ചു. ഈ വാദങ്ങളെല്ലാം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് തള്ളുകയായിരുന്നു.
ശിവശങ്കറിന് ജാമ്യം അനുവദിച്ച കേസും ഇതും രണ്ടും രണ്ടാണെന്നും ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറാണ് മുഖ്യ സൂത്രധാരൻ എന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ