- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടത്തായ് കേസ്: എൻഐടി പ്രൊഫസറെന്ന വ്യാജേന ജോളി സൗഹൃദം സ്ഥാപിച്ചെന്ന് സാക്ഷികൾ; മൊഴി നൽകിയത് മുൻ തഹസിൽദാർ ജയശ്രീ വാര്യരും ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖയും; കോഴിക്കോട് പ്രത്യേക കോടതിയിൽ വിചാരണ തുടരുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നം പ്രതിയായ ജോളി എൻഐടി പ്രൊഫസറെന്ന വ്യാജേന സൗഹൃദ വലയം തീർത്തിരുന്നതായി സാക്ഷി മൊഴി. പരമ്പരയിലെ പൊന്നാമറ്റം റോയ് തോമസ് കൊലക്കേസ് വിചാരണക്കിടെയാണ് കോഴിക്കോട് പ്രത്യേക കോടതിയിൽ 87ാം സാക്ഷിയും 88-ാം സാക്ഷിയും മൊഴി നൽകിയത്.
കോഴിക്കോട് എൻഐടിയിലെ പ്രൊഫസറാണെന്ന വ്യാജേനയാണ് ജോളി സൗഹൃദങ്ങളുണ്ടാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന് ബലമേകുന്ന മൊഴിയാണ് സാക്ഷികൾ ഇന്നലെ കോടതിയിൽ നൽകിയത്. 87ാം സാക്ഷിയും മുൻ തഹസിൽദാറുമായ ജയശ്രീ വാര്യർ, 88-ാം സാക്ഷിയും എൻഐടിക്ക് സമീപം ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖ എന്നിവരാണ് സാക്ഷി മൊഴി നൽകിയത്.
എൻഐടി ക്യാമ്പസിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ജോളി താനുമായി അടുത്ത പരിചയം സ്ഥാപിച്ചതെന്ന് ജയശ്രീ വാര്യർ കോടതിയെ ബോധിപ്പിച്ചു. പരിപാടിക്കിടെ ക്യാമ്പസിൽ വെച്ച് ഒരുമിച്ച് ചായ കുടിച്ചിരുന്നതായും ഇവർ വ്യക്തമാക്കി. പിന്നീട് റോയ് തോമസ് മരിച്ചപ്പോൾ നികുതി അടയ്ക്കുന്നത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ജോളി ആവശ്യപ്പെട്ടു. ഇത് പ്രകാരം വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ച് താൻ നിർദ്ദേശം നൽകിയിരുന്നുവെന്നും തഹസിൽദാർ ആയിരുന്ന ജയശ്രീ വാര്യർ മൊഴി നൽകി.
ഭർത്താവ് റോയ് തോമസ് മരിച്ച വിവരം ജോളി തന്നെയാണ് അറിയിച്ചിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ജോളി പറഞ്ഞിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് റോയ് മരിച്ച വേളയിൽ പൊന്നാമറ്റം വീട്ടിലെത്തി ജോളിയെ കണ്ടിരുന്നു. മരണത്തിന്റെ വിഷമമൊന്നുമില്ലാതെ കാര്യങ്ങളെല്ലാം അവർ കൈകാര്യം ചെയ്യുന്നതാണ് കണ്ടതെന്നും ജയശ്രീ വാര്യരുടെ മൊഴിയിലുണ്ട്.
എൻഐടിയുടെ സമീപത്തുള്ള തന്റെ സ്ഥാപനത്തിൽ ജോളി വരാറുണ്ടായിരുന്നുവെന്നും പ്രഫസറാണെന്ന വ്യാജേനയാണ് വന്നിരുന്നതെന്നും 88-ാം സാക്ഷി സുലേഖ മൊഴി നൽകി. എൻഐടി ക്യാമ്പസിനകത്ത് ജോളി വരാറുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം വിസ്തരിച്ച സാക്ഷികളും മൊഴി നൽകിയിരുന്നു. ഇതോടെ വ്യാജ മേൽവിലാസമുണ്ടാക്കി വർഷങ്ങളോളം ജനങ്ങളെ കബളിപ്പിക്കാൻ പ്രതിക്ക് കഴിഞ്ഞെന്ന പൊലീസ് കണ്ടെത്തൽ കൂടുതൽ ബലപ്പെടുകയാണ്.
ക്രൈംബ്രാഞ്ച് ജോളിയെ സംശയിക്കാനുള്ള ആദ്യ കാരണവും എൻഐടി പ്രൊഫസറെന്നത് കള്ളക്കഥയാണെന്ന കണ്ടെത്തലായിരുന്നു. വ്യാജ മേൽവിലാസം ഉപയോഗിച്ച് അധികാരവും സ്വാധീനവുമുള്ള ആളുകളുമായി സൗഹൃദമുണ്ടാക്കാൻ ജോളി ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് സാക്ഷി മൊഴികൾ.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.