കൊച്ചി: എസ്.എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസമില്ല. പുനഃപരിശോധന ഹർജി ഹൈക്കോടതി തള്ളി. വിചാരണ തുടരാൻ ഉത്തരവിട്ട വിധിക്കെതിരെയായിരുന്നു ഹർജി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്.

85 വയസുണ്ടെന്നും അതിനാൽ തന്നെ വിചാരണ തുടരാൻ ഉത്തരവിട്ട വിധി സ്റ്റേ ചെയ്യണമെന്നും ഇനി വിചാരണ തുടരുകയാണെങ്കിൽ തന്നെ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് അനുവദിക്കണമെന്നുമാണ് വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഈ ഘട്ടത്തിൽ കേസിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. വെള്ളാപ്പള്ളിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ വിചാരണാ കോടതിയെ തന്നെ സമീപിക്കാം. നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകുന്നതെല്ലാം വിചാരണ കോടതിയുടെ അധികാര പരിധിയിൽപ്പെടുന്നതാണ്. അതുകൊണ്ടാണ് കേസിൽ ഇടപെടാൻ തയ്യാറാകാത്തതെന്നും കോടതി വ്യക്തമാക്കി.

തുടർന്നാണ് വെള്ളാപ്പള്ളിയുടെ ഹർജി ഹൈക്കോടതി തള്ളിയത്. ഇനി വെള്ളാപ്പള്ളിക്ക് വേണമെങ്കിൽ വിചാരണ കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാം. പക്ഷേ വിചാരണ നേരത്തെ തുടങ്ങുകയാണെങ്കിൽ വെള്ളപ്പള്ളി നേരിട്ടി ഹാജരാകേണ്ടിവരും.

വെള്ളാപ്പള്ളി നടേശനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണത്തിന് അനുമതി നല്കിയ കൊല്ലം സി.ജെ.എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ കേസിൽ തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് തീരുമാനം നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ ക്രൈംബ്രാഞ്ച് നല്കിയ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കാനും നിർദ്ദേശിച്ചിരുന്നു.

തുടരന്വേഷണത്തിനെതിരെ കേസിലെ പരാതിക്കാരൻ കൊല്ലം കടപ്പാക്കട സ്വദേശി സുരേന്ദ്ര ബാബു നല്കിയ ഹർജി അനുവദിച്ചാണ് സിംഗിൾ ബെഞ്ചിന്റെ വിധി വന്നത്. സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ചു വിശദീകരിച്ച് താൻ നല്കിയ നിവേദനങ്ങൾ പരിഗണിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നല്കിയ ഹർജി ഇതോടൊപ്പം പരിഗണിച്ചു തള്ളിയിരുന്നു.

1997-98 വർഷം എസ്.എൻ. കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി സമാഹരിച്ച ഫണ്ടിൽ ആഘോഷ കമ്മിറ്റി കൺവീനർ കൂടിയായിരുന്ന വെള്ളാപ്പള്ളി നടേശൻ ക്രമക്കേടു കാട്ടിയെന്നാണ് കേസ്. ആഘോഷ കമ്മിറ്റിയുടെ അക്കൗണ്ടിലേക്കു സമാഹരിച്ച തുക വകമാറ്റിയെന്നും ചെലവു കഴിച്ചുള്ള തുക കൊണ്ട് സുവർണ ജൂബിലി ലൈബ്രറി കോംപ്‌ളക്‌സ് നിർമ്മിക്കണമെന്ന ആവശ്യം നടന്നില്ലെന്നുമാണ് പരാതി.കേസ് ആദ്യം അന്വേഷിച്ച പൊലീസ് പരാതിയിൽ കഴമ്പില്ലെന്ന് രണ്ടു തവണ റിപ്പോർട്ടു നല്കിയെങ്കിലും കോടതി അനുവദിച്ചില്ല.

ഇതിനിടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുമതി വാങ്ങി. ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന് അനുമതി തേടിയതും കോടതി അനുവദിച്ചതും. കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിൽ അംഗമായിരുന്ന റിട്ട. ഡിവൈ.എസ്‌പി ബി. രാധാകൃഷ്ണപിള്ളയാണ് തുടരന്വേഷണ ആവശ്യമുന്നയിച്ചത്.