- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഅ്ദനിയുടെ യാത്രയ്ക്ക് അകമ്പടി ചെലവായി 60 ലക്ഷം; കർണാടക നിർദ്ദേശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ സർക്കാർ എന്നും കോടതി; ഉത്തരവ് വന്നിട്ട് ഒമ്പത് ദിവസമായെങ്കിലും കർണാടകയുടെ ഭാഗത്ത് നിന്ന് അനക്കമില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകൻ
ന്യൂഡൽഹി: കേരളത്തിലേക്ക് വരാൻ ജാമ്യവവസ്ഥയിൽ അനുമതി ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത് യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടതോടെയാണ്. ഇത് വിചിത്രമെന്ന വാദവുമായി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. യാത്രയ്ക്ക് 60 ലക്ഷം കെട്ടിവെക്കണമെന്ന കർണാടകയുടെ നിർദ്ദേശത്തെ കോടതി രൂക്ഷമായി വിമർശിച്ചു. മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ കർണാടക സർക്കാർ പുതിയ ഉപാധി വെച്ച് ചെയ്യുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു.
മഅ്ദനിയെ കേരളത്തിലേക്ക് അയക്കണമെങ്കിൽ 20 പൊലീസുകാരുടെ അകമ്പടി വേണമെന്നും അവർക്ക് ചെലവിന് മാസം തോറും 20 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നുമുള്ള കർണാടക സർക്കാറിന്റെ ഉപാധിയോടാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചത്. കഴിഞ്ഞ പ്രാവശ്യം മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുപോയ അതേ ഉപാധിയോടെ കൊണ്ടു പോകാനല്ലേ തങ്ങൾ ഇറക്കിയ ഉത്തരവെന്ന് ചോദിച്ച ജസ്റ്റിസ് രസ്‌തോഗി, കഴിഞ്ഞ തവണ എത്ര പൊലീസായിരുന്നു അകമ്പടി പോയിരുന്നതെന്ന് ആരാഞ്ഞു.
10 ദിവസം കഴിഞ്ഞിട്ടും സുപ്രീംകോടതി വിധി കർണാടക സർക്കാർ നടപ്പാക്കാത്തത് മഅ്ദനിയുടെ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനുമാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ ബെഞ്ചാണ് ജാമ്യം കിട്ടി എട്ട് വർഷത്തിന് ശേഷം മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിച്ചത്.
ഈ മാസം 17ന് മഅ്ദനിയെ കേരളത്തിലേക്ക് വിടാൻ ഉത്തരവിട്ടുവെങ്കിലും അതിന് ശേഷം ഒമ്പത് ദിവസത്തേക്ക് കർണാടക സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരനക്കവുമുണ്ടായില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ബെഞ്ച് നിലപാട് അറിയിക്കാൻ കർണാടകയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും കർണാടക പൊലീസ് ആവശ്യപ്പെട്ടിരുന്നു. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ പറ്റില്ല എന്നീ നിബന്ധനങ്ങളും പൊലീസ് പറഞ്ഞതായി മഅദനി പറയുന്നു.
ഇത്രയും തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅദനി.അതിനിടെ കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രയെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചതായി വാർത്തകളുണ്ടായിരുന്നു. യാത്ര മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയതോടെയാണ് ബെംഗളൂരുവിൽ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്. ആരോഗ്യ നില മോശമായ പിതാവിനെ സന്ദർശിക്കാനും, വൃക്ക തകരാറിലായതിനാൽ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. കർണാടക പൊലീസിന് പുറമെ കേരളാ പൊലീസും മഅദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.