- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി നടേശന് സുപ്രീം കോടതിയിലും തിരിച്ചടി; ക്രിമിനൽ കേസിൽ പെട്ടവർ എസ് എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറി നിൽക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; എതിർകക്ഷികൾക്ക് നോട്ടീസ്; കെ കെ മഹേശന്റെ മരണത്തിൽ കേസെടുത്തതോടെ വെള്ളാപ്പള്ളിക്ക് കുരുക്കു മുറുകും
ന്യൂഡൽഹി: എസ് എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ഭാരവാഹിത്വത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേയില്ല. എസ് എൻ ട്രസ്റ്റ് ബൈലോയിലെ നിർണായക ഭേദഗതിക്കാണ് ഹൈക്കോടതി ജനുവരിയിൽ അംഗീകാരം നൽകിയത്. വഞ്ചന, സ്വത്ത് കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്നാണ് ഉത്തരവ്.
ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി കേസിലെ എതിർ കക്ഷിക്ക് നോട്ടീസ് അയച്ചു.ഹൈക്കോടതി വിധിക്ക് എതിരെ എസ്.എൻ ട്രസ്റ്റും വെള്ളാപ്പള്ളി നടേശനും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഈ ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന് എസ്.എൻ ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയും ഏബ്രഹാമും വാദിച്ചു. എന്നാൽ സ്റ്റേ ആവശ്യത്തെ കേസിലെ എതിർ കക്ഷിയും മുൻ ട്രസ്റ്റ് അംഗവുമായ ചെറുന്നിയൂർ ജയപ്രകാശിന്റെ അഭിഭാഷകൻ ജി. പ്രകാശ് എതിർത്തു.
എസ് എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ഭാരവാഹിത്വത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി. ക്രിമിനൽ കേസുകളിൽ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാൻ പാടില്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവിൽ പറഞ്ഞത്. കുറ്റവിമുക്തരാക്കപ്പെട്ടാൽ ഭാരവാഹിത്വത്തിലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങളുണ്ടാവില്ല. വഞ്ചനാ കേസുകൾക്ക് പുറമേ എസ് എൻ ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിരിക്കുന്നവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശം. എസ് എൻ. ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ്. അതിനാൽ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരം.
കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം യൂണിയൻ മുൻ സെക്രട്ടറി കെ കെ മഹേശന്റെ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യുടെ നിർദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിൽ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകും.
അതേസമയം, ഹൈക്കോടതി ഉത്തരവിലൂടെ ഭാരവാഹികളെ പുറത്താക്കാൻ കഴിയില്ല. അധികാരപരിധിയിലുള്ള സിവിൽ കോടതികളുടെ നിർദ്ദേശപ്രകാരം സ്ഥാനത്തുനിന്ന് നീക്കാം. ഒരൊറ്റ ഹൈക്കോടതി ഉത്തരവിലൂടെ നിലവിലെ ഭാരവാഹികളെ മാറ്റിയാൽ പ്രതിസന്ധി നേരിടുമെന്ന ട്രസ്റ്റിന്റെ വാദം കൂടി പരിഗണിച്ചാണ് തീരുമാനത്തിന് സിവിൽ കോടതിക്ക് അധികാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ബൈലോയിൽ 34 എ എന്ന ഭേദഗതിയായാണ് പുതിയ നിർദ്ദേശം ചേർത്തിരിക്കുന്നത്.
ക്രിമിനൽ കേസുള്ളവർ എസ്എൻ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധി തന്നെമാത്രം ബാധിക്കുന്നത് അല്ല ട്രസ്റ്റിലേ എല്ലാവർക്കും ബാധകമാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.പ്രതി ചേർത്തതുകൊണ്ടു മാത്രം കാര്യമില്ല, ചാർജ് ഷീറ്റ് കൊടുത്താൽ മാത്രമേ വിധിക്ക് പ്രസ്‌ക്തിയുള്ളൂ എന്നാണ് വിധിയിൽ പറയുന്നത്. ഹൈക്കോടതി വിധിയിലൂടെ തന്റെ സ്ഥാനം നഷ്ടപ്പെടില്ല. ഒരു കേസിലും തനിക്കെതിരെ കുറ്റപത്രം നിലവിലില്ല.താൻ ഇനി സെക്രട്ടറിസ്ഥാനത്തേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇടപെടലുകൾക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ