ന്യൂഡൽഹി: മോദി സർ നെയിം അപകീർത്തി കേസിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വർമ ഉൾപ്പെടെ 68 ജുഡീഷ്യൽ ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നൽകിയത് വിവാദമായിരുന്നു. 68 പേർക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകിയത് സുപ്രീ കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സ്ഥാനക്കയറ്റത്തിന് എതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ എച്ച്.എച്ച്. വർമയ്ക്ക് രാജ്‌കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നൽകിയിരുന്നത്. 65% പ്രമോഷൻ ക്വോട്ടയിൽ സ്ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. 200 ൽ 127 മാർക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്.

സീനിയർ സിവിൽ ജഡ്ജി കേഡറിലെ രണ്ട് ജുഡീഷ്യൽ ഓഫീസർമാരാണ് ഹർജി നൽകിയത്. ഗുജറാത്ത് സർക്കാരിന്റെ നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി രവികുമാർ മേത്ത, ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടർ സച്ചിൻ പ്രതാപ് റായ് മേത്ത എന്നിവരാണ് ഹരജിക്കാർ. മാർച്ച് 10 ന് ഹൈക്കോടതി പുറപ്പെടുവിച്ച സെലക്ഷൻ ലിസ്റ്റും തുടർന്ന് ജഡ്ജിമാരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും റദ്ദാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. മെറിറ്റും സീനിയോറിറ്റിയും പരിഗണിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.

സ്ഥാനക്കയറ്റം നൽകാനും ഏപ്രിൽ 18ന് വിജ്ഞാപനം പുറപ്പെടുവിക്കാനും കാണിച്ച അസാധാരണമായ തിടുക്കത്തെ കുറിച്ചും സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. സ്ഥാനക്കയറ്റ കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അറിയാമായിരുന്നിട്ടും സംസ്ഥാന സർക്കാർ സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണ്. ഈ തിടുക്കം അംഗീകരിക്കാനാവില്ല. സീനിയോറിറ്റിക്കാണോ മെറിറ്റിനാണോ പരിഗണന നൽകിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടുിരുന്നു,.

നിലവിൽ സ്ഥാനക്കയറ്റം ലഭിച്ചവരേക്കാൾ ഉയർന്ന മാർക്ക് നേടിയവർ ഉണ്ടായിരുന്നുവെന്നാണ് ഹർജിക്കാരന്റെ വാദം. കുറഞ്ഞ മാർക്ക് നേടിയവരെ നിയമിച്ചത് മെറിറ്റ് പരിഗണിക്കാതെ സീനിയോറിറ്റിക്ക് പ്രാധാന്യം നൽകിയാണെന്നും പരാതിയിൽ പറയുന്നു. റിക്രൂട്ട്മെന്റ് ചട്ടങ്ങൾ അനുസരിച്ച് ജില്ലാ ജഡ്ജിയായി നിയമനം നടത്തേണ്ടത് മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷയിലൂടെയും 65 ശതമാനം സംവരണം നിലനിർത്തിയുമാണ്