ന്യൂഡൽഹി: 'ദി കേരള സ്‌റ്റോറി' സിനിമ പശ്ചിമ ബംഗാളിൽ മാത്രം നിരോധിച്ചത് വിവാദമായിരിക്കുകയാണ്. തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനർജിയാണ് സിനിമ നിരോധിച്ച വിവരം അറിയിച്ചത്. കശ്മീർ ഫയൽസിനെ പോലെ ബംഗാളിനെ കുറിച്ചുള്ള സിനിമക്ക് ബിജെപി പണം നൽകുകയാണെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു. രാജ്യത്ത് മറ്റിടങ്ങളിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ സിനിമ പ്രദർശിപ്പിക്കുന്നുണ്ടെന്നും ബംഗാളിൽ മാത്രം എന്താണ് പ്രശ്‌നമെന്നും സപ്രീം കോടതി ഇന്നുചോദിച്ചു. നിരോധനത്തിനെതിരെ സിനിമയുടെ നിർമ്മാതാവ് വിപുൽ ഷാ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു. എന്നാൽ, കോടതി ഇതിനോട് യോജിച്ചില്ല. 'സമാന ജനസംഖ്യാ ഘടനയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സിനിമ പ്രദർശിപ്പിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ല. സിനിമയുടെ കലാമൂല്യവുമായി ഇതിന് ബന്ധമില്ല. ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ കാണില്ല', കോടതി നിരീക്ഷിച്ചു.

ബംഗാളിന് പുറമെ തമിഴ്‌നാട്ടിലും അപ്രഖ്യാപിത വിലക്കുണ്ടെന്ന് സിനിമ നിർമ്മാതാക്കൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് തമിഴ്‌നാട് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിനിമക്കെതിരെ രണ്ട് സംസ്ഥാനങ്ങളും നിലപാടെടുത്തിരിക്കുന്നത്. എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയെ വിലക്കാൻ കഴിയില്ലെന്നാണ് അണിയറ പ്രവർത്തകരുടെ വാദം. തിയേറ്റുകൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഇരു സംസ്ഥാനങ്ങളോടും നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 'ദ കേരള സ്റ്റോറി'ക്ക് നിരോധനമേർപ്പെടുത്തിയത്.