കൊച്ചി: നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ മൂന്നു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. വിചാരണ തുടരാമെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി തള്ളുകയും ചെയ്തു. ഇതോടെ പീഡനക്കേസിൽ പ്രതിയായി തുടരും മലയാളത്തിലെ പ്രധാന യുവതാരം. എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. പരാതിക്കാരിയുടെ ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി പറഞ്ഞു.

വിധിപ്പകർപ്പ് ഇന്ന് പുറത്തുവന്നതോടെയാണ് കൂടുതൽ വിവരങ്ങൾ അറിവായത്.പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അതിനാൽ വിചാരണ നടക്കേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. കീഴ്‌കോടതി തനിയ്‌ക്കെതിരേ പ്രവർത്തിച്ചു എന്ന് തെളിയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കെ.ബാബുവിന്റേതാണ് ഉത്തരവ്. കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത തീരുമാനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും ഇതിനായി പ്രത്യേക അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. 2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു.

കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.

ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടർന്ന് ഫ്ളാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടൻ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. കേസിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്.

2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.