- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപതി മുർമു; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം; ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് എതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. ചടങ്ങ് ബഹിഷ്‌കരിക്കാനാണ് 19 രാഷ്ട്രീയ കക്ഷികൾ സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. അതിനിടെ, പാർലമെന്റ് മന്ദിരം രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള അഡ്വ. സിആർ ജയ സുകിൻ ആണ് പൊതു താത്പര്യഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്.
പാർലമെന്റാണ് രാജ്യത്തെ പരമോന്നത നിയമ നിർമ്മാണ സഭ. രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേർന്നതാണ് പാർലമെന്റ്. ഇരു സഭകളും വിളിച്ചു കൂട്ടാനും പിരിച്ചുവിടാനുമുള്ള അവകാശം രാഷ്ട്രപതിക്കാണ്. പ്രധാനമന്ത്രിയെ നിയമിക്കുന്നതു രാഷ്ട്രപതിയാണ്. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുന്നതും രാഷ്ട്രപതി തന്നെയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമായി മാറുന്നത് രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഭരണഘടനയുടെ ആർട്ടിക്കിൾ 79 ലംഘിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, മെയ് 28ന് പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചത്. സിപിഐ എം, സിപിഐ, കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ശിവസേന തുടങ്ങിയ 19 പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉദ്ഘാടനചടങ്ങിൽ നിന്ന് ഒഴിവാക്കി പകരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരിക്കുന്നത്. ജനാധിപത്യം ഇല്ലാതാക്കിയുള്ള പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യമാണ് ഉദ്ഘാടന ചടങ്ങിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
.'സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും' എന്ന് പ്രസ്താവനയിൽ വിമർശനമുണ്ട്. പാർലമെന്റിൽ ജനാധിപത്യത്തിന്റെ ആത്മാവിനെ പുറന്തള്ളപ്പെടുമ്പോൾ പുതിയ മന്ദിരത്തിന് യാതൊരു മൂല്യവുമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ പോരാട്ടം തുടരും. തങ്ങളുടെ സന്ദേശം ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കും.
രാഷ്ട്രപതിയെ ഒഴിവാക്കി സ്വന്തമായി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണവുമാണ്. രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്റെ തലവൻ മാത്രമല്ല പാർലമെന്റിന്റെ അവിഭാജ്യഘടകം കൂടിയാണ്. രാഷ്ട്രപതിയില്ലാതെ പാർലമെന്റിന് പ്രവർത്തിക്കാനാവില്ല. എന്നിട്ടും രാഷ്ട്രപതിയില്ലാതെ ഉദ്ഘാടനം നടത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
രാഷ്ട്രപതി പദവിയെ അവഹേളിക്കുകയാണ് ചെയ്യുന്നത്. പാർലമെന്റ് വിളിച്ചു ചേർക്കാനുള്ള അവകാശം രാഷ്ട്രപതിക്കാണെന്നിരിക്കെ അവരെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഭരണഘടനക്ക് വിരുദ്ധവും, ജനാധിപത്യ നിഷേധവുമായ ഈ നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
സിപിഐ എം, കോൺഗ്രസ്, സിപിഐ, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാർട്ടി, ശിവസേന, സമാജ് വാദിപാർട്ടി, ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (എം), രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ(യുണൈറ്റഡ്), എൻസിപി, ആർജെഡി, മുസ്ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർഎസ്‌പി, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈഗൾ കച്ചി എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ