- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം; ആനയുടെ സുരക്ഷ ഉറപ്പാക്കി ചികിത്സ നൽകണം; ഹൈക്കോടതിയിൽ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിന്റെ ഹർജി; വനത്തിനുള്ളിൽ കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട്
കൊച്ചി: അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു.എം.ജേക്കബാണ് ഹർജി നൽകിയത്. ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ നൽകണമെന്നും ഹർജിയിൽ പറയുന്നു. കേരളത്തിലെ മറ്റൊരു ഉൾവനത്തിലേയ്ക്ക് ആനയെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും തമിഴ്‌നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ പിടികൂടാൻ കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ്‌നാട് വനംവകുപ്പ് ശ്രമം തുടരുകയാണ്. ജനവാസമേഖലയ്ക്ക് സമീപമുള്ള സ്ഥലത്ത് ആനയെത്തിയാൽ മാത്രമേ മയക്കുവെടി വയ്ക്കാൻ കഴിയൂ. വനത്തിനുള്ളിൽ പോയി ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇവർ വൈകിട്ടോടെ തേനിയിലെത്തും.
മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ വനത്തിന് പുറത്തിറങ്ങിയാൽ മാത്രം വെടിവെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനം വകുപ്പ് ജീവനക്കാർ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിന്റെ മൂന്നാംദിനമാണിന്ന്. ഇന്നലെ കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിലൂടെയായിരുന്നു ആനയുടെ സഞ്ചാരം. രാവിലെ ജനവാസമേഖലക്ക് അരികിലെത്തിയെങ്കിലും പിന്നീട് പുറത്തേക്ക് വന്നില്ല. കമ്പം മേഖലയിൽ ഇന്ന് വരെ നിരോധനാജ്ഞ നിലവിലുണ്ട്.
അതിനിടെ, ശനിയാഴ്ച അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചിരുന്നു. കമ്പം സ്വദേശി പാൽരാജാണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിൽ വരികയായിരുന്ന പാൽരാജിനെ അരിക്കൊമ്പൻ തട്ടിവീഴ്‌ത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷയുൾപ്പെടെ വാഹനങ്ങൾ തകർത്തിരുന്നു.