- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പൻ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ? ജീവിതത്തിൽ എപ്പോഴെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടായിട്ടുണ്ടോ? തമിഴ്‌നാട്ടിൽ ഏതെങ്കിലും തരത്തിൽ ആനയെ ഉപദ്രവിച്ചതായി തെളിവില്ല; സാബു എം ജേക്കബിന് എതിരെ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നും, ചികിത്സ നൽകി സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ട്വന്റി 20 കോഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. ഹർജി കോടതി തള്ളി. സാബുവിന്റേത് തെറ്റായ വാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്നും വിമർശിച്ചു.
ആന നിലവിൽ തമിഴ്‌നാട്ടിലാണുള്ളത്. അവിടെ ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ പിടികൂടി സംരക്ഷിക്കാനാണ് തീരുമാനം. ആനയെ പിടികൂടിയാൽ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് കോടതി ചോദിച്ചു. ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതിയുണ്ടെങ്കിൽ തമിഴ്‌നാട് ഹൈക്കോടതിയെ സമീപിക്കൂവെന്നും കോടതി പറഞ്ഞു.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് മാറ്റണം എന്നും സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഉൾവനത്തിലേക്ക് തന്നെ അരിക്കൊമ്പനെ അയക്കുമെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരമൊരു ഹർജി സമർപ്പിച്ചതിന്റെ ഉദ്ദേശമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. കൂടാതെ അരിക്കൊമ്പൻ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ എന്നും ജീവിതത്തിൽ എപ്പോഴെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
അരിക്കൊമ്പന്റെ സംരക്ഷണത്തിനായി നേരത്തേയും ഹൈക്കോടതിയിൽ ഹർജികൾ എത്തിയിട്ടുണ്ടായിരുന്നു. അത് കുങ്കിയാനയാക്കുന്നതിനെതിരേയും കൂട്ടിലടക്കുന്നതിനെതിരേയുമായിരുന്നു. എന്നാൽ ആദ്യമായാണ് അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണം തേടി കൊണ്ട് ഒരു ഹർജി ഹൈക്കോടതിയിൽ എത്തുന്നത്.
അതേസമയം കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ പിടികൂടാൻ കഴിഞ്ഞ നാല് ദിവസമായി തമിഴ്‌നാട് വനംവകുപ്പ് ശ്രമം തുടരുകയാണ്. ജനവാസമേഖലയ്ക്ക് സമീപമുള്ള സ്ഥലത്ത് ആനയെത്തിയാൽ മാത്രമേ മയക്കുവെടി വയ്ക്കാൻ കഴിയൂ. വനത്തിനുള്ളിൽ പോയി ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്.
മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് അഞ്ചംഗ ആദിവാസി സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പൻ വനത്തിന് പുറത്തിറങ്ങിയാൽ മാത്രം വെടിവെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനം വകുപ്പ് ജീവനക്കാർ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതിനിടെ, ശനിയാഴ്ച അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചിരുന്നു. കമ്പം സ്വദേശി പാൽരാജാണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിൽ വരികയായിരുന്ന പാൽരാജിനെ അരിക്കൊമ്പൻ തട്ടിവീഴ്‌ത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷയുൾപ്പെടെ വാഹനങ്ങൾ തകർത്തിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ