- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ; പോക്‌സോ കേസിൽ രഹന ഫാത്തിമയ്ക്ക് എതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി; കേസ് റദ്ദാക്കിയത് ജസ്റ്റിസ് കൗസർ എടപ്പഗത്ത്; വിവാദമായത് ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന പേരിൽ രഹന ഇട്ട വീഡിയോ
കൊച്ചി: പോക്സോ കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന ബോഡി ആൻഡ് പൊളിറ്റിക്‌സ് വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രഹ്ന നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യത്തിലിറങ്ങുകയായിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പോക്‌സോ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. ഇതിനെ തുടർന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. രഹന നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ അരുൺ പ്രകാശ് നൽകിയ പരാതിയെ തുടർന്നാണ് രഹ്നയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തിരുവല്ല പൊലീസ് കേസെടുത്തത്. ഐടി നിയമത്തിലെ സെക്ഷൻ 67 (ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറുക), ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75( കുട്ടികൾക്കെതിരായുള്ള ക്രൂരത) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
നേരത്തെ തന്റെ നഗ്നശരീരത്തിൽ കുട്ടികൾ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയും രഹ്ന ഫാത്തിമ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. സ്ത്രീ ശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുള്ള മിഥ്വ്യാധാരണകൾക്കും എതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്ന് ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ അരുൺ പ്രകാശ് ആണ് പൊലീസിൽ പരാതി നൽകിയത്. യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നിന്ന് തുടങ്ങണമെന്ന ആശയ പ്രചരണത്തിനാണ് താൻ ശ്രമിച്ചതെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതെന്നും രഹ്ന ഫാത്തിമ വാദിച്ചിരുന്നു. വീട്ടിൽ നിന്ന് തന്നെ കുട്ടികൾ ആൺ പെൺ വേർതിരിവ് ഇല്ലാതെ വളർന്നുവരേണ്ടത്. പെണ്ണിന്റെ ശരീരം എന്താണെന്ന് മകൻ മനസിലാക്കേണ്ടത്. അവന്റെ അമ്മയിൽ നിന്നു തന്നെയാണെന്നാണ് താൻ പറയാൻ ശ്രമിക്കുന്നത്. അത് പോസ്റ്റിൽ വളരെ വ്യക്തമായി ഞാൻ പറഞ്ഞിട്ടുണ്ടെന്ന് രഹ്ന ഫാത്തിമ പറഞ്ഞിരുന്നു,
കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ പോക്‌സോ കേസ് ചുമത്തിയ ശേഷം രഹനയുടെ പനമ്പള്ളി നഗറിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പും ചിത്രം വരച്ച ബ്രഷും പെയ്ന്റും പെൻസിലും മറ്റും പിടിച്ചെടുത്തിരുന്നു. രഹന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച ലാപ്‌ടോപ്പാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിടിച്ചെടുത്തത്.
മറുനാടന്‍ മലയാളി ബ്യൂറോ