കൊച്ചി: മൂന്നാറിലെ കെട്ടിട നിർമ്മാണത്തിൽ ഹൈക്കോടതി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ടുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകുന്നതിന് രണ്ടാഴ്ചത്തേക്ക് വിലക്കി. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.

വൺ എർത്ത് വൺ ലൈഫ് എന്ന സർക്കാരിതര സംഘടന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും സോഫി തോമസ് എന്നിവരടങ്ങുന്ന മൂന്നാർ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കൂടാതെ, മൂന്നാറിലും പരിസര പ്രദേശത്തുമുള്ള ഒമ്പത് ഗ്രാമപഞ്ചായത്തുകളെ കേസിൽ കക്ഷി ചേർത്തു. മൂന്നാറിലെ പരിസ്ഥിതി- കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഇതിൽ ചീഫ് ജസ്റ്റിസ് ഇടപെട്ട്, മൂന്നാറിലെ പ്രശ്നങ്ങൾ കേൾക്കാൻ ബെഞ്ച് രൂപീകരിച്ചിരുന്നു

ഇടുക്കി ജില്ല കലക്ടർ സമർപ്പിച്ച കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ടും കോടതി ഇന്ന് പരിഗണിച്ചു. ഇതോടൊപ്പം, വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷകൻ ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയെ കോടതി നിയോഗിച്ചു. മൂന്നാറുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് അനുയോജ്യമായ സമിതിയെ നിർദ്ദേശിക്കാനായി സംസ്ഥാന സർക്കാറിനോടും അമിക്കസ് ക്യൂറിക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

വയനാട് പോലുള്ള പരിസ്ഥിതി ദുർബല മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അഥോറിറ്റിയും നിർദ്ദേശങ്ങളും നിലവിലുണ്ട്. എന്തുകൊണ്ട് ഇത്തരം നിർദ്ദേശങ്ങൾ മൂന്നാർ പോലുള്ള പ്രദേശങ്ങളിൽ നൽകാത്തതെന്നും ഹൈക്കോടതി ചോദിച്ചു. മൂന്നാറിലെ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിൽനിന്ന് എതിർപ്പില്ലാരേഖ വാങ്ങണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇത് മൂന്നാറിൽ നടപ്പിലാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.