കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ ശനിയാഴ്ച വിധി പറയും. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ പൂർത്തിയായി. എറണാകുളം ജില്ലാ പോക്‌സോ കോടതിയിൽ വിധി പുറപ്പെടുവിക്കുക.

വീട്ടു ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിലായിരുന്നു പീഡനം. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മോൻസന്റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും മോൻസൺ പ്രതിയാണ്

അതേസമയം, മോൻസൻ മാവുങ്കൽ പതിയായ മറ്റൊരു കേസിൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരൻ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു. അതിനിടെ, കേസിൽ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുൻ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു.

കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നാളെ ഹാജരായാൽ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെ കെ സുധാകരൻ നിയമവഴിയിലേക്ക് നീങ്ങുകയാണ്.