- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ എം ഷാജിക്ക് ആശ്വാസവിധി; ലീഗ് നേതാവിന് എതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി; സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള ഇഡി നടപടികളും റദ്ദാക്കി; കേസെടുത്തത് സിപിഎം നേതാവിന്റെ പരാതിയിൽ
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. മുൻ എംഎൽഎക്ക് എതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെയുള്ള ഇ ഡിയുടെ എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
എം എൽ എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കെ എം ഷാജിക്കെതിരെ കേസെടുത്തത്. തുടർന്ന് കെ എം ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
കോഴിക്കോട് ജില്ലയിലെ ചേവായൂർ മാലൂർകുന്നിലെ കെ എം ഷാജിയുടെ വീടിനോട് ചേർന്ന സ്ഥലത്തിന് എതിരെയായിരുന്നു നടപടി. കെ എം ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തൽ. നേരത്തെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ എം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മൂന്ന് മാസത്തേക്കാണ് ഈ കേസ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി. പ്രാദേശിക സി പി എം നേതാവിന്റെ പരാതിയിൽ വിജിലൻസ് കോടതി നിർദ്ദേശപ്രകാരം വിജിലൻസെടുത്ത കേസാണ് സ്റ്റേ ചെയ്തത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിജിലൻസ് കെ എം ഷാജിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമ്മിച്ചു എന്നായിരുന്നു ഷാജിക്കെതിരായ പരാതി. പ്ലസ്ടു കോഴക്കേസിലും കെ എം ഷാജിക്കെതിരായ എഫ് ഐ ആർ റദ്ദാക്കിയിട്ടുണ്ട്.
അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ 2013ൽ കെ.എം ഷാജി മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലാണ് ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ