- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടക്കാല ജാമ്യം അനുവദിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ? ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി അദ്ഭുതപ്പെടുത്തുന്നു; എന്തായിരുന്നു ഇത്ര തിടുക്കം? ടീസ്ത സെതൽവാദ് ഉടൻ കീഴടങ്ങണമെന്ന ഉത്തരവ് ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് സുപ്രീം കോടതിയുടെ പരാമർശം; സാമൂഹിക പ്രവർത്തകയുടെ അപ്പീൽ പരിഗണിച്ചത് വിശാല ബഞ്ച്
ന്യൂഡൽഹി: ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് ആശ്വാസം. ഹൈക്കോടതി വിധി ഒരാഴ്ചത്തേക്ക് വിശാല ബഞ്ച് സ്‌റ്റേ ചെയ്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബോപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇടക്കാല ജാമ്യം അനുവദിക്കാത്ത ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി നടപടി അദ്ഭുതപ്പെടുത്തുന്നെന്നും പരാമർശമുണ്ടായി.
ഇടക്കാല ജാമ്യം അനുവദിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ?. ഗുജറാത്ത് ഹൈക്കോടതിയുടെ നടപടിയിൽ അദ്ഭുതം തോന്നുന്നു. എന്തായിരുന്നു ഇത്ര തിടുക്കം? കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യാൻ ടീസ്തയ്ക്ക് സമയം നൽകാതിരുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. ഒരു സാധാരണ ക്രിമിനലിന് പോലും ഇടക്കാല ആശ്വാസം ലഭ്യമാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നിട്ടില്ല.
നേരത്തെ വാദം കേട്ട ജസ്റ്റിസുമാരായ അഭയ് എസ് ഓകയും, പ്രശാന്ത് കുമാർ മിശ്രയും ഇടക്കാല ജാമ്യം അനുവദിക്കുന്നതിലെ ഭിന്നാഭിപ്രായത്തെ തുടർന്ന് വിശാല ബഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോട് ആവശ്യപ്പെടുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ടീസ്ത ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അവർ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയെ സമീപിച്ചത്.
ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിൽ രണ്ടുജഡ്ജിമാർ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായതിനെ തുടർന്നാണ് മൂന്നംഗ ബഞ്ച് രൂപീകരിക്കാനായി ചീഫ് ജസ്റ്റിസിന് വിട്ടത്. സുപ്രീംകോടതി ഹർജി പരിഗണിച്ചില്ലെങ്കിൽ സെപ്റ്റംബർ മുതൽ ജാമ്യത്തിലായിരുന്ന തീസ്ത ഉടൻ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു.
ടീസ്തയ്ക്ക് ഇടക്കാല ജാമ്യം നൽകുന്ന കാര്യത്തിലാണ് ജസ്റ്റിസുമാരായ എ എസ് ഓകയും, പി കെ മിശ്രയും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. ഇന്നുരാത്രി തന്നെ വാദം കേൾക്കണമെന്ന് ടീസ്തയുടെ അഭിഭാഷകരായ സി യു സിങ്ങും, അപർണ ഭട്ടും ആവശ്യപ്പെട്ടു. എന്നാൽ, നാളെ വാദം കേൾക്കാമെന്ന് ഗുജറാത്ത് സർക്കാരിനെ പ്രതിനീധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ടീസ്തയുടെ അഭിഭാഷകരുടെ ആവശ്യം കണക്കിലെടുത്ത് കോടതി രാത്രി തന്നെ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
ടീസ്ത വ്യാജ രേഖകൾ ഉണ്ടാക്കുകയും, കള്ളസാക്ഷികളെ ഉണ്ടാക്കുകയും, സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ടീസ്തയുടെ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കുന്ന ചൊവ്വാഴ്ച വരെ ഇടക്കാല ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഓഖ സ്വീകരിച്ചത്. എന്നാൽ, തുഷാർ മേത്തയുടെ വാദം കഴിഞ്ഞതോടെ, ജസ്റ്റിസ് മിശ്ര ഇടക്കാല ജാമ്യം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
നേരത്തെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച കേസിൽ ടീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ടീസ്ത ഉടൻ കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം വേണമെന്ന ആവശ്യവും ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു.
ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ 2022 ജൂൺ 25നാണ് ടീസ്ത സെതൽവാദിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന ടീസ്തയ്ക്ക് സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽമോചിതയായത്.
മറുനാടന് മലയാളി ബ്യൂറോ