ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി മൂന്നാം വട്ടവും നീട്ടിയത് നിയമവിരുദ്ധമായെന്ന് സുപ്രീം കോടതി. 15 ദിവസത്തിനകം, പുതിയ മേധാവിയെ കണ്ടെത്താൻ കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് അനധികൃതമായെന്ന് കോടതി കണ്ടെത്തിയെങ്കിലും ഈ മാസം 31 വരെ തുടരാൻ സഞ്ജയ് കുമാർ മിശ്രയെ അനുവദിച്ചു.2021 സെപ്റ്റംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണ് മിശ്രയുടെ കാലാവധി നീട്ടിയ നടപടിയെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കാരോൾ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.

2018 നവംബറിലാണ് മിശ്രയെ ഇഡി മേധാവിയായി നിയമിച്ചത്. രണ്ടുവർഷത്തിന് ശേഷം 60 വയസ് തികഞ്ഞതോടെ വിരമിക്കേണ്ടതായിരുന്നു. എന്നാൽ, 2020 നവംബറിൽ സർക്കാർ അദ്ദേഹത്തിന് കാലാവധി നീട്ടിക്കൊടുത്തു. മിശ്രയുടെ കാലാവധി രണ്ടിൽ നിന്ന് മൂന്നുവർഷമാക്കി രാഷ്ട്രപതി നീട്ടിയതായി കേന്ദ്ര സർക്കാർ 2020 നവംബർ 13-ന് ഉത്തരവിറക്കി. ഇതിനെതിരേ സന്നദ്ധസംഘടനയായ കോമൺ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സമയം നൽകിയ നടപടി 2021 സെപ്റ്റംബറിൽ സുപ്രീംകോടതി ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് 5 വർഷം വരെ കാലാവധി നീട്ടാം. ഈ നിയമഭേദഗതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കെ.വി.വിശ്വനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിജിലൻസ് കമ്മിഷൻ നിയമത്തിലും ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലും വരുത്തിയ ഭേദഗതികൾ സുപ്രീം കോടതി അംഗീകരിച്ചു.

ഇ.ഡി. പോലുള്ള ഏജൻസികൾക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളാണ് ചെയ്യേണ്ടതെന്നും ഏജൻസിയെ നയിക്കുന്നവർക്ക് രണ്ടുമുതൽ അഞ്ചുവർഷംവരെ കാലാവധി ആവശ്യമാണെന്നുമാണ് കേന്ദ്ര നിലപാട്. തുടർന്നാണ് 2022 നവംബർ 17-ന് മിശ്രയ്ക്ക് വീണ്ടും ഒരു വർഷംകൂടി കാലാവധി നീട്ടിയത്. ഈ വർഷം ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് സ്വതന്ത്രമായ വിലയിരുത്തൽ നടത്തുന്ന പശ്ചാത്തലത്തിൽ, അതിനിടയിൽ മിശ്രയെ മാറ്റുന്നതിൽ കേന്ദ്രസർക്കാർ കോടതിയിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. നവംബറിൽ മിശ്ര വിരമിക്കുമെന്നും അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ 31 വരെ മിശ്രയ്ക്ക് തുടരാൻ അനുമതി നൽകിയത്.

ഏതെങ്കിലും സംസ്ഥാനത്തെ ഡിജിപിയെ പോലല്ല ഇഡി മേധാവിയെന്നും, യുഎൻ പോലെയുള്ള സ്ഥാപനത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥനാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു. എഫ്എടിഎഫ് ആഗോള കള്ളപ്പണ വിരുദ്ധ സ്ഥാപനവും, തീവ്രവാദ ശൃംഖലകളുടെ സാമ്പത്തിക സ്രോതസുകൾ നിരീക്ഷിക്കുന്ന സംഘടനയാണെന്നും മേത്ത വാദിച്ചു. 2019 ൽ നിശ്ചയിച്ചരുന്ന എഫ്എടിഎഫിന്റെ സ്വതന്ത്ര പരിശോധന, കോവിഡ് മൂലം മുടങ്ങിയതോടെ, 2023 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മിശ്ര, ഇഡിയിൽ ഒഴിവാക്കാനാകാത്ത ഉദ്യോഗസ്ഥൻ ആണോയെന്ന് കോടതി ആരാഞ്ഞിരുന്നു. മിശ്ര ഇഡിയിൽ അനിവാര്യനല്ലെങ്കിലും, നേതൃത്വം പ്രധാനമാണെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി.