ന്യൂഡൽഹി: 33 തവണ മാറ്റി വച്ച എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. കേസ് പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി.

മലയാളി കൂടിയായ ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയത്. ഈ മാസം 18ന് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി വെബ്‌സൈറ്റിൽ അറിയിച്ചിട്ടുണ്ട്.

ലാവ്‌ലിൻ കേസിലെ കുറ്റപത്രം വിഭജിച്ച് വിചാരണയ്ക്ക് ഉത്തരവിട്ടുകൊണ്ടുള്ളതായിരുന്നു 2013 ലെ ഉത്തരവ്. പിണറായി വിജയന്റേതുൾപ്പെടെ 2 പേരുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഈ നടപടി. എന്നാൽ, ഇതു കേസിന്റെ വസ്തുതകളിലേക്കു കടന്നുള്ളതല്ലെന്നു ജസ്റ്റിസ് രവികുമാർ തന്നെ ചൂണ്ടിക്കാട്ടി. തുടർന്ന് സഹ ജഡ്ജി എം.ആർ.ഷായുമായി ആശയവിനിമയം നടത്തിയാണ് പിന്മാറുന്നതായി അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.