- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്; ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്ക് നിർദ്ദേശം; നടപടി വിജിലൻസ് കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസിൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ഷാജിക്ക് നിർദ്ദേശം നൽകി. കെ.എം.ഷാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്.
വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സർക്കാരിന്റെ ഹർജി. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2020 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ജൂൺ 19 നാണ് അഴീക്കോട് പ്ലസ്ടു കോഴ കേസിൽ ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിജിലൻസ് കേസ് റദ്ദാക്കിയതിന് പിന്നാലെ കെ എം ഷാജിക്കെതിരായ ഇ.ഡി നടപടികളും സിംഗിൽ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുസ്ലീലീഗിൽ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തർക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയർന്നത്. എന്നാൽ ഇത് പിന്നീട് സിപിഎം ഏറ്റെടുത്തു. വിജിലൻസ് കേസ് എടുത്തതിന് പിന്നാലെ കെ. എം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡിയും ഉത്തരവിട്ടിരുന്നു.
തുടർന്ന് ഷാജിയുടെയും ഭാര്യയുടെയും സ്വത്തു വകകൾ ഇഡി കണ്ടുകെട്ടി. ഇതിനെതിരെ കഴിഞ്ഞ വർഷം നവംബറിലാണ് കെ എം ഷാജിയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ നടപടികളിൽ സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഇ.ഡി കേസും റദ്ദാക്കിയത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്ലസ്റ്റു കോഴ കേസ് ആയുധമാക്കിയിരുന്നു. എന്നാൽ 2011 മുതൽ 2020 വരെ എംഎൽഎ ആയിരുന്ന കാലയളവിൽ കെ എം ഷാജി അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന അഡ്വ.ഹരീഷ് എം ആർ നൽകിയ പരാതിയിലെ നടപടികൾ വിജിലൻസ് തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ