ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ വീഴ്ചകൾക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. നാഗാലാൻഡിലെ മുനിസിപ്പൽ, ടൗൺ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ഭരണഘടനാ വ്യവസ്ഥയായ വനിതാ സംവരണം നടപ്പാക്കാക്കാത്തതിന് എതിരെ നടപടിയെടുക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

ബിജെപി ഭരിക്കാത്ത സംസ്ഥാന സർക്കാരുകൾക്ക് എതിരെ ഏതറ്റംവരെയും പോകുമ്പോൾ, തങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ ലംഘനത്തിന് എതിരെ കേന്ദ്രസർക്കാർ ഒരുനടപടിയും സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാരിന് ഈ വിഷയത്തിൽ കൈ കഴുകാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് സുധൻഷു ധുലിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

'കേന്ദ്ര സർക്കാർ മടിച്ചുനിൽക്കുന്നുവെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. ഒരു ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാതിരിക്കുമ്പോൾ നിങ്ങൾ എന്തുപങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് കൈ കഴുകി പോകാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. മറ്റു സന്ദർഭങ്ങളിൽ നിങ്ങൾക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം ഭരിക്കുന്ന അതേ പാർട്ടി (ബിജെപി) അധികാരത്തിലുള്ള സംസ്ഥാനങ്ങളിലോ, കേന്ദ്രം ഇനി എന്താണ് ചെയ്യാൻ പോകുന്നത്. ഏതായിരുന്നാലും കൈ കഴുകാൻ നിങ്ങളെ അനുവദിക്കില്ല' കോടതി പറഞ്ഞു.

വനിതാ സംവരണം നടപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് കോടതിയിൽ വ്യക്തമാക്കി. 'വനിതാ സംവരണം എന്നത് സ്ഥിരതയ്ക്ക് വേണ്ടിയുള്ള ഒരാശയമാണ്. ഭരണഘടനാ വ്യവസ്ഥയിൽ നിന്ന് നിങ്ങൾ എങ്ങനെയാണ് മാറിനിൽക്കുന്നത്? എനിക്ക് മനസ്സിലാകുന്നില്ല'- ജസ്റ്റിസ് കൗൾ ചോദിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 243 ഡി യിൽ വ്യക്തമാക്കുന്ന വനിതാ സംവരണ നിർദ്ദേശങ്ങൾ നാഗാലാൻഡിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഏപ്രിലിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഈ വിഷയത്തിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയിട്ടില്ല. ഇതാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.