- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത് ഒറ്റപ്പെട്ട സംഭവമല്ല; വിഷയം കൈകാര്യം ചെയ്യാൻ വിശാല സംവിധാനം ആവശ്യമെന്ന് സുപ്രീംകോടതി; അന്വേഷണം സിബിഐക്ക് വിടുന്നതിനെയും വിചാരണ അസമിലേക്ക് മാറ്റുന്നതിനെയും എതിർത്ത് ഇരകളായ സ്ത്രീകൾ
ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കലാപം ആരംഭിച്ച ശേഷം പ്രചരിക്കപ്പെട്ട വീഡിയോ മാത്രമല്ല സ്ത്രീകൾക്കെതിരെ നടന്ന അക്രമത്തിൽ പെടുന്നതെന്നും സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെയ് 3 മുതൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ച് എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ചോദിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായാണ് സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ ഇരകളായ രണ്ടു സ്ത്രീകളും എതിർത്തു. വിചാരണ അസമിലേക്കു മാറ്റുന്നതിനെയും സ്ത്രീകൾ എതിർത്തു. മണിപ്പൂരിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനോട് എതിർപ്പില്ലെന്നു കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേസ് അസമിലേക്കു മാറ്റാൻ കേന്ദ്രം തീരുമാനിച്ചിട്ടില്ല. മണിപ്പൂരിനു പുറത്തേക്കു മാറ്റാമെന്നാണ് തീരുമാനമെന്ന് തുഷാർ മേത്ത പറഞ്ഞു.
സിബിഐ അന്വേഷണത്തോടു യോജിക്കുന്നില്ലെന്ന്, അതിക്രമത്തിന് ഇരയായ സ്ത്രീകൾക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടതെന്ന് സിബൽ പറഞ്ഞു. അതിക്രമം നടന്നത് രണ്ടു സ്ത്രീകൾക്കെതിരെ മാത്രമല്ലെന്നും ഒട്ടേറെ പേർ സമാനമായ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയവർക്കു വേണ്ടി ഇന്ദിര ജയ്സിങ് അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയത്തെ കൈകാര്യം ചെയ്യാൻ വിശാല സംവിധാനം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മണിപ്പൂരിൽ സ്ത്രീകളെ നഗ്‌നരാക്കി പരേഡ് ചെയ്ത സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സിബിഐ നിലവിൽ ഔദ്യോഗികമായി കേസ് ഏറ്റെടുക്കുകയും എഫ്.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഏഴുപേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കേസിൽ വാദം കേൾക്കൽ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ