- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണം; എട്ടുമാസത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജിയുടെ കത്ത് സുപ്രീംകോടതിയിൽ; വിചാരണയ്ക്ക് അലംഭാവം കാട്ടിയിട്ടില്ല; ഇനി പൂർത്തിയാക്കേണ്ടത് ആറു സാക്ഷികളുടെ കൂടി വിസ്താരം; കേസ് സുപ്രീം കോടതി പരിഗണിക്കുക വെള്ളിയാഴ്ച
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ വിചാരണ കോടതി സുപ്രീം കോടതിയിൽ കൂടുതൽ സാവകാശം തേടി. വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാൻ, എട്ട് മാസം കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. 2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹണി എം. വർഗീസ് സുപ്രീം കോടതിക്ക് കത്ത് നൽകിയത്.
സാക്ഷിവിസ്താരം മാത്രം പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണം. ആറു സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തുനിന്നു അലംഭാവം ഉണ്ടായിട്ടില്ലെന്നും വിചാരണക്കോടതി റിപ്പോർട്ടിൽ പറയുന്നു. വിചാരണ കഴിവതും വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം വെള്ളിയാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പരിഗണിക്കും.
വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി ജൂലായ് 31-ന് അവസാനിച്ചിരുന്നു. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. ഇതിലൊന്ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിന്റേതാണ്. ഇതിന് പുറമെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പടെ അഞ്ചു പേരേക്കൂടി വിസ്തരിക്കേണ്ടതുണ്ട്. വിസ്താരം പൂർത്തിയാകാൻ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം കൂടി ആവശ്യമെന്നാണ് രേഖകളിൽനിന്ന് മനസിലാകുന്നതെന്നും വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി നിഷ്‌കർഷിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നതായി കത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എന്ന നിലയിൽ ഭരണപരമായ മറ്റ് കർത്തവ്യങ്ങൾ കൂടി തനിക്ക് നിർവഹിക്കേണ്ടതുണ്ടെന്ന് ജില്ലാ ജഡ്ജി ഹണി എം. വർഗീസ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന ട്രാൻസ്‌പോർട്ട് അപ്പലേറ്റ് ട്രിബ്യൂണൽ, എറണാകുളം ജില്ലയിലെ കൊമേഷ്യൽ അപ്പലേറ്റ് ഡിവിഷൻ എന്നീ ഉത്തരവാദിത്വങ്ങളും ഈ കോടതിക്കുണ്ട്. ഇതിന് പുറമെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി കൂടിയാണ് തന്റേതെന്നും ഹണി എം. വർഗീസ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിസ്താരം പൂർത്തിയായാലും വിധിയെഴുതാൻ സമയം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നടപടികൾ പൂർത്തിയാക്കാൻ എട്ട് മാസത്തെ സമയം കൂടി തേടുന്നതെന്നും കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ