- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമജപഘോഷയാത്രയ്ക്ക് എതിരെ കേസ്; ചോദ്യം ചെയ്ത് എൻഎസ്എസ് ഹൈക്കോടതിയിൽ; നിയമപരമായി നിലനിൽക്കാത്ത കേസ് റദ്ദാക്കണം; കേസെടുത്തത് വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ അടക്കം ആയിരത്തോളം പേർക്കെതിരെ
കൊച്ചി: തിരുവനന്തപുരത്ത് നടന്ന എൻഎസ്എസ് നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്ത് എൻഎസ്എസ് ഹൈക്കോടതിയിൽ. നിയമപരമായി നിലനിൽക്കാത്ത കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിസന്റ് എം. സംഗീത്കുമാർ കേസ് ഫയൽ ചെയ്തു.
കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഫോർട്ട് പൊലീസും കേസെടുത്തിട്ടുണ്ട്. ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയാണ് കേസ്. പൊലീസ് നിർദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ആണ് കേസിലെ ഒന്നാം പ്രതി.
ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു ബുധനാഴ്ച എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്തു നാമജപഘോഷയാത്ര നടത്തിയിരുന്നു. അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. ഘോഷയാത്ര സമാധാനപരമായിരുന്നു. കേസെടുത്തതിൽ പ്രതിഷേധത്തിനില്ല. ഗണപതി ഭഗവാനു വേണ്ടിയുള്ള കേസാണെന്നുമായിരുന്നു സംഗീത് കുമാർ പറഞ്ഞത്.
സംഗീത് കുമാറിനെ ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന ആയിരം എൻ.എസ്.എസ്. പ്രവർത്തകരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. എൻ.എസ്.എസ്. ഭാരവാഹിയെന്ന നിലയിൽ കോട്ടയം ചങ്ങനാശ്ശേരിയിലെ വിലാസമാണ് തിരുവനന്തപുരത്ത് താമസിക്കുന്ന സംഗീത് കുമാറിന്റേതായി എഫ്.ഐ.ആറിൽ ചേർത്തിരിക്കുന്നത്.
പൊലീസിനെ അറിയിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മിഷണർ, ഫോർട്ട് എ.സി, കന്റോൺമെന്റ് എ.സി, ഡി.ജി.പി. എന്നിവരെ മെയിൽ വഴി അറിയിച്ചിരുന്നു. തുടർപ്രതിഷേധം എൻ.എസ്.എസ്. നേതൃത്വം ആലോചിച്ച് തീരുമാനിക്കും. വിഷയത്തിൽ എല്ലാ പ്രതികരണങ്ങളും നേതൃത്വം അവലോകനംചെയ്യും. അതനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വൈകാരികമായ കാര്യങ്ങളാണ്. ഗണപതിയേയൊന്നും ആക്ഷേപിക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾ അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. ഞങ്ങളാരേയും ആക്ഷേപിക്കുന്നില്ലല്ലോ?', അദ്ദേഹം ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ