- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാൻവ്യാപി പള്ളിയിൽ എഎസ്ഐ സർവേ തുടരാം; സർവ്വേ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; പള്ളിയിൽ കുഴിക്കുകയോ, ഘടനയിൽ മാറ്റം വരുത്തുകയോ അരുത്; വാരാണസി ജില്ലാ കോടതി ഉത്തരവിൽ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച്
ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവ്യാപി പള്ളിയിലെ ആർക്കയോളജിക്കൽ സർവേ സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. പള്ളിയുടെ ഘടനയ്ക്ക് തകരാറുണ്ടാക്കുകയോ, കുഴിക്കുകയോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡൂം, ജസ്റ്റിസുമാരായ മനോജ് മിശ്രയും, ജെ ബി പർദിവാലയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
വാരണാസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പിഴവ് കാണുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഗ്യാൻവ്യാപിയിൽ പുരാവസ്തു ഗവേഷണ വകുപ്പിന്റെ സർവ്വേ ആരംഭിച്ചു. സർവേയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള വാരാണസി സെഷൻസ് കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് പുരാവസ്തു സംഘം പരിശോധനയ്ക്ക് എത്തിയത്.
വെള്ളിയാഴ്ച രാവിലെയോടെ സംഘം സർവ്വേയ്ക്കായി എത്തുകയായിരുന്നു. ജില്ലാ മജിസ്ര്‌ടേറ്റും പൊലീസ് കമ്മീഷണറുമുൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ മസ്ജിദ് പരിസരത്ത് എത്തിയിട്ടുണ്ട്. തർക്കഭൂമിയിലേക്കുള്ള റോഡുകളെല്ലാം അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചശേഷമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. 100 മീറ്റർ മാറി മാത്രമേ മാധ്യമങ്ങൾ നിലയുറപ്പിക്കാവൂ എന്ന് നിർദ്ദേശമുണ്ട്. നിലവിൽ ജില്ലാഭരണകൂടം ചുമതലപ്പെടുത്തിയവർക്ക് മാത്രമാണ് തർക്കഭൂമിയിലേക്ക് പ്രവേശനമുള്ളത്.
17ാം നൂറ്റാണ്ടിൽ ക്ഷേത്രം തകർത്ത് ആസ്ഥാനത്ത് മസ്ജിദ് നിർമ്മിച്ചതാണോയെന്നാണ് പുരാവസ്തു വകുപ്പ് പരിശോധിക്കുന്നത്. സർവേയുടെ ഭാഗമായി മസ്ജിദ് സമുച്ചയത്തിൽ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനകളൊന്നും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അഭിഭാഷകസംഘം നടത്തിയ സർവേയിൽ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന പള്ളിക്കുളത്തിലും പരിശോധനയുണ്ടാവില്ല. സുപ്രീംകോടതി അതിന് വിലക്കേർപ്പെടിത്തിയതിനാലാണ് ഇത്.
തർക്കഭൂമിയിൽ ശാസ്ത്രീയപരിശോധന നടത്താൻ വാരാണസി ജില്ലാകോടതി ജൂലായ് 21-നാണ് എഎസ്ഐയോട് നിർദ്ദേശിച്ചത്. എന്നാൽ മസ്ജിദ് കമ്മിറ്റി ഹർജി നൽകിയതിനെത്തുടർന്ന് അവർക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സമയമനുവദിച്ച സുപ്രീംകോടതി സർവേ താത്കാലികമായി തടഞ്ഞു. തുടർന്ന് ജൂലായ് 25ന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്.
ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥാനത്ത് നേരത്തേ ശിവ ക്ഷേത്രമായിരുന്നുവെന്നും മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവുപ്രകാരം അതുതകർത്ത് പള്ളി പണിതതെന്നുമാണ് പരാതി. മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകൾ സമർപ്പിച്ച ഹർജിയാണ് ഈ കേസിന് ആധാരം.
മറുനാടന് മലയാളി ബ്യൂറോ