- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർനെയിം അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക് എതിരായ സൂററ്റ് കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച ജസ്റ്റിസിനെ മാറ്റാൻ കൊളീജിയം; ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലംമാറ്റാൻ ശുപാർശ
ന്യൂഡൽഹി: മോദി സർനെയിം അപകീർത്തി കേസിൽ, രാഹുൽ ഗാന്ധിക്കെതിരായ സൂററ്റ് കോടതി വിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക്കിനെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ. നീതിയുടെ മികച്ച നടത്തിപ്പിനായാണ് സ്ഥലംമാറ്റമെന്ന് സുപ്രീം കോടതി വെബ്‌സൈറ്റിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്ന് മൂന്നിനു ചേർന്ന കൊളീജിയത്തിന്റേതാണു ശുപാർശ. ജാമ്യം ലഭിക്കാവുന്ന അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തിയും സ്റ്റേ അനുവദിക്കാത്തതിലുള്ള ന്യായവും വ്യക്തമാക്കുന്നതിൽ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെന്നു രാഹുലിന് അനുകൂലമായ വിധിയിൽ സുപ്രീം കോടതി പരാമർശിച്ചിരുന്നു
ജസ്റ്റിസ് ഹേമന്ദ് എം പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാനാണ് സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ. ഹേമന്ദിനെ പറ്റ്‌ന ഹൈക്കോടതിയിലേക്കു മാറ്റാനാണു ശുപാർശ.
ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസിൽ എഫ്‌ഐആർ ഒഴിവാക്കാനുള്ള ടീസ്റ്റ സെതൽവാദിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിന്ന ജസ്റ്റിസ് സമിർ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുൽഗാന്ധിയുടെ ഹർജി കേൾക്കുന്നതിൽനിന്നു പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ പേരും സ്ഥലംമാറ്റ ശുപാർശാപട്ടികയിലുണ്ട്. മനുസ്മൃതി പരാമർശവുമായി ബന്ധപ്പെട്ടും ജസ്റ്റിസ് സമീർ ദാവെ വിവാദത്തിലായിരുന്നു.
2002 ലെ ഗുജറാത്ത് കലാപകാലത്ത് മുൻ ബിജെപി മന്ത്രി മായ കോഡ്‌നാനിക്ക് വേണ്ട് രൂപീകരിച്ച അഭിഭാഷക സംഘത്തിൽ ഹേമന്ദ് എം പ്രച്ഛക് ഉണ്ടായിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹത്തിന്റെ തുടക്കം. 2015 ൽ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് അസിസ്റ്റന്റ് പ്ലീഡറായിരുന്നു. പിന്നീട് മോദി പ്രധാനമന്ത്രി ആയപ്പോൾ ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്രത്തിന്റെ സ്റ്റാൻഡിങ് കൗൺസലായിരുന്നു. ആ പദവിയിൽ 2019 വരെ തുടർന്നു. 2021ലാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
മറുനാടന് മലയാളി ബ്യൂറോ