തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസിൽ പരാതിക്കാരൻ ആർ എസ് ശശികുമാറിന് വീണ്ടും ലോകായുക്തയുടെ വിമർശനം. സമയം കളയാൻ ഓരോ ഹർജിയുമായി പരാതിക്കാരൻ വരുന്നു. കുത്തിത്തിരിപ്പുണ്ടാക്കാനാണ് പരാതിക്കാരൻ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് അഭിപ്രായപ്പെട്ടു.

കേസ് ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിൽ വ്യക്തത തേടി പരാതിക്കാരൻ ലോകായുക്തയിൽ ഉപഹർജി നൽകിയിരുന്നു. കേസ് ലോകായുക്ത പരിധിയിൽ വരുമോയെന്ന് വീണ്ടും പരിശോധന നടത്തുന്നുണ്ടോ? ലോകായുക്ത വീണ്ടും അന്വേഷണം നടത്തുന്നുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഈ ഉപഹർജി പരിഗണിക്കുമ്പോഴാണ് ലോകായുക്ത പരാതിക്കാരനെ രൂക്ഷമായി വിമർശിച്ചത്. പാവങ്ങൾക്ക് നീതി നടപ്പാക്കാനുള്ള സമയമാണ് ഓരോ ഹർജിയുമായി വരുന്നതു വഴി പരാതിക്കാരൻ നഷ്ടപ്പെടുത്തുന്നതെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവ് പരാതിക്കാരന്റെ അഭിഭാഷകനെക്കൊണ്ട് ലോകായുക്ത വായിപ്പിച്ചു.

ഇതിൽ എന്തു വ്യക്തതയാണ് ഇനി വേണ്ടതെന്ന് ലോകായുക്ത ചോദിച്ചു. ലോകായുക്ത വിധിയും നിയമവും വായിച്ചിട്ടില്ലേ?. അതു വായിച്ചു നോക്കിയാൽ എല്ലാ കാര്യങ്ങളും മനസ്സിലാകും. ഹർജിയിൽ വാദം നടത്തുന്നുണ്ടോ അതോ ഹർജി പിൻവലിക്കുകയാണോയെന്ന് ലോകായുക്ത ആരാഞ്ഞു. വാദമുള്ള നോട്ട് എഴുതി നൽകാമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ഇതിനെയും രൂക്ഷമായി ലോകായുക്ത വിമർശിച്ചു. ഇത് ഒരു അഭിഭാഷകന് ചേർന്ന നടപടിയാണോയെന്ന് ലോകായുക്ത ചോദിച്ചു. എന്നാൽ അഭിഭാഷകന്റെ ഭാഗത്തു നിന്നും കൂടുതൽ വാദങ്ങളുണ്ടായില്ല. സർക്കാർ ഭാഗത്തു നിന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻയിൽ ഹാജരായിരുന്നു.

കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് (maintainability) ലോകയുക്തയുടെ പുതിയ മൂന്ന് അംഗ ബെഞ്ച് വീണ്ടും വാദം കേൾക്കുമെന്നുമുള്ള നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജ്ജിക്കാരനായ ആർ എസ് ശശികുമാർ് ലോകായുക്തയിൽ ഇടക്കാല ഹർജ്ജി ഫയൽ ചെയ്തത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ദുരിതാശ്വാസ നിധി ദുർവിനിയോഗപരാതിയിൽ തുടർവാദം കേൾക്കാനിരിക്കെയാണ് കേസിന്റെ സാധുത വീണ്ടും പരിശോധിക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജ്ജി വന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ സാധുത യുള്ളതുകൊണ്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും വിശദമായ അന്വേഷണം നടത്താനുമുള്ള മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ ഉത്തരവ് നിരീക്ഷണമാണെന്നാണ് നിലവിലെ ലോകയുക്തയുടെ ബെഞ്ചിന്റെ വിലയി രുത്തൽ. എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷമാണ് മൂന്ന് അംഗ ബെഞ്ച് എതിർ കക്ഷികളായ മന്ത്രിമാർക്ക് നോട്ടീസ് അയയ്ക്കാനും കേസിൽ വിശദമായ തുടർ അന്വേഷണം നടത്താനും ഉത്തരവിട്ടതെന്നും കേസിന്റെ സാധുത ലോകായുക്ത പുനപരിശോധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനപരിശോധന ഹർജ്ജി, ഇക്കാര്യം ലോകായുക്തയുടെ ശ്രദ്ധയിൽ പെടുത്താൻ നിർദ്ദേശിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു . ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ലോകയുക്തയിൽ ഹർജ്ജിക്കാരൻ, അഡ്വ: പി.സുബൈർ കുഞ്ഞ് മുഖേന ഇടക്കാല ഹർജ്ജി ഫയൽ ചെയ്തത്.