കൊച്ചി : ഉപഭോക്താവ് അറിയാതെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്നും 3 തവണയായി പണം പിൻവലിച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. കമ്മീഷൻ പ്രസിഡന്റ് ഡിബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

2018 ഡിസംബർ 26, 27 തീയതികളിൽ മൂന്ന് തവണകൾ ആയിട്ടാണ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂവാറ്റുപുഴ പെഴക്കാപ്പിള്ളി ബ്രാഞ്ചിൽ അക്കൗണ്ട് ഉള്ള മൂവാറ്റുപുഴ സ്വദേശി പി എം സലീമിനാണ് ദുരനുഭവം ഉണ്ടായത്. സ്വന്തം ആവശ്യത്തിന് പണം പിൻവലിക്കാൻ മുളന്തുരുത്തിയിലെ എടിഎമ്മിൽ കയറിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.

ഉടൻ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം അവിടെ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്കിങ് ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. ബാങ്കിങ് ബുക്ക്‌സ്മാൻ 80,000 രൂപ നൽകാൻ വിധിച്ചിരുന്നു. തുടർന്ന് ബാലൻസ് ആയി ലഭിക്കാനുള്ള എഴുപതിനായിരം രൂപയ്ക്കാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷൻ ഉപഭോക്താവിന് നൽകാനുള്ള 70000 രൂപയും കൂടാതെ 15,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളിൽ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഉത്തരവ് നൽകി.. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി