- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; രണ്ടുലക്ഷം രൂപ പിഴ; ശിക്ഷിച്ചത് രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനെയും അപ്പുണ്ണിയെയും; ഇരുവരും ഏറ്റെടുത്ത് നടത്തിയത് ക്വട്ടേഷൻ കൊലപാതകം; കൊലപാതകത്തിൽ കലാശിച്ചത് ഒന്നാം പ്രതിയുടെ ഭാര്യയുമായി രാജേഷിനുണ്ടായ അടുപ്പം
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. പ്രതികൾ ആയുധം ഉപയോഗിച്ചതിന് 10 വർഷം തടവ് ശിക്ഷ അനുഭവിക്കണം. അതിനുശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികൾക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പരിചയം പോലുമില്ലാത്ത ഒരു വ്യക്തിയെ വെട്ടി കൊലപ്പെടുത്തിയ പ്രതികളുടെ പ്രവൃത്തി ന്യായികരിക്കാൻ കഴിയില്ല. രണ്ടു പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്.
ഒരു ചെറുപ്പക്കാരനെ അവന്റെ ജോലി സ്ഥലത്തു കയറി കൊലപ്പെടുത്തിയത് ഒരിക്കലും ഒരു ചെറിയ തെറ്റായി കാണാൻ കഴിയില്ല. അതുകൊണ്ട് അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രണ്ടും മൂന്നും പ്രതികൾക്ക് സഹായം ചെയ്ത നാലാം പ്രതിയെ വെറുതേ വിട്ട നടപടിയിൽ അത്യപ്തി ഉണ്ടെന്നും ജില്ലാ ഗവൺമെന്റ് പ്ലീഡർ ഡോ. ഗീനാകുമാരി വാദിച്ചു. പ്രതികൾക്കു പശ്ചാത്തപിക്കുവാനുള്ള അവസരം നൽകണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം മറുപടി നൽകി. കേസിലെ നാലു മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽസത്താറിനെ പിടികൂടാനായിട്ടില്ല.
2018 മാർച്ച് 27 ന് പുലർച്ചെ രണ്ടിന് മടവൂരിലുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന റിക്കാർഡിങ് സ്റ്റുഡിയോയിലെത്തിയാണ് കൊലപാതകം നടത്തിയത്. കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻ പാട്ട് സംഘത്തിലെ അംഗങ്ങളായ രാജേഷും കുട്ടനും സമീപത്തെ ക്ഷേത്ര ഉത്സവത്തിനുള്ള പരിപാടിയുടെ റിഹേഴ്‌സൽ നടത്തുകയായിരുന്നു. സ്റ്റുഡിയോയുടെ പുറത്ത് നിന്ന കുട്ടനെ ആദ്യം വെട്ടി പരിക്കേൽപിച്ച പ്രതികൾ സ്റ്റുഡിയോയ്ക്ക് അകത്തു കയറി രാജേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന് (50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.
പത്ത് വർഷത്തോളം സ്വകാര്യചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചു. പത്തു മാസം ഖത്തറിൽ ജോലി ചെയ്തു. 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് റിക്കാർഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടൻപാട്ട് സംഘത്തിൽ ചേർന്നതും. ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ.യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്ഫടികം എന്നു വിളിക്കുന്ന എസ്.സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബിജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്റെ കാമുകി വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരെയാണ് വെറുതെ വിട്ടത്. രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടൻ കൂറുമാറിയിരുന്നു. ഇയാളുടെ ആദ്യ മൊഴി കോടതി സ്വീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ